Image

കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സില്‍ ചെയര്‍മാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്

Published on 27 July, 2026
കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സില്‍ ചെയര്‍മാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റല്‍ മീഡിയ ഗ്രീവന്‍സ് ബോഡിയായ ഐ.ഡി.പി.സി.ജി.സി (ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സില്‍) പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ആണ് കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാന്‍. വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളാണ്.

സുപ്രീംകോടതി മുന്‍ ജസ്റ്റിസും, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനും, കേരള ലോകായുക്തയുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. രാഷ്ട്രപതിയുടെ മുന്‍ പ്രസ് സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സിലെ മുന്‍ അംബാസഡറുമായിരുന്നു ഡോ. വേണു രാജാമണി ഐഎഫ്എസ്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍. ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദീപിക എഡിറ്ററുമാണ് ജോര്‍ജ് കള്ളിവയലില്‍. പുതിയ ഗ്രീവന്‍സ് കൗണ്‍സില്‍ അംഗങ്ങളുടെ പട്ടിക കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറിയതായി കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അറിയിച്ചു.

 ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റ് അസോസിയേഷനായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ - ഇന്ത്യ (കോം ഇന്ത്യ)യുടെ ഗ്രീവന്‍സ് ബോഡിയാണ് ഐ.ഡി.പി.സി.ജി.സി. ഏഴംഗ ഗ്രീവന്‍സ് കൗണ്‍സിലില്‍ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡന്റും സത്യം ഓണ്‍ലൈന്‍ എഡിറ്ററുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി (മലയാളി വാര്‍ത്ത) എഡിറ്റര്‍ സോയിമോന്‍ മാത്യു, ട്രഷറര്‍ (ട്രൂവിഷന്‍ ന്യൂസ്) മാനേജിംഗ് എഡിറ്റര്‍ കെ. കെ. ശ്രീജിത്ത് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് അധ്യക്ഷനായിരുന്ന കൗണ്‍സിലിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തത്. 

ജൂലൈ 7-ന് കൊച്ചിയില്‍ ചേര്‍ന്ന കോം ഇന്ത്യ ജനറല്‍ കൗണ്‍സില്‍ പുതിയ അംഗങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കുകയും 18-ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു. രണ്ട് വര്‍ഷമാണ് പുതിയ കൗണ്‍സിലിന്റെ കാലാവധി. 2021-ല്‍ രൂപീകരിച്ച ഡോ. കെ.കെ.എന്‍. കുറുപ്പ് അധ്യക്ഷനായിരുന്ന ആദ്യ ഗ്രീവന്‍സ് കൗണ്‍സില്‍ സമിതി രണ്ട് കാലാവധികള്‍ പൂര്‍ത്തിയാക്കിയാണ് ചുമതല ഒഴിയുന്നത്. 2021-ലെ ഐ.ടി. ആക്ടിലെ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് കോം ഇന്ത്യ, ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിന് രൂപം നല്‍കിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക