Image

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

Published on 27 July, 2026
തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 2024ല്‍ തൃശൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി തള്ളാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ നേതാവും തൃശൂരിലെ വോട്ടറുമായ ബിനോയ് എ എസിനോട് മറുപടി തേടിയാണ് ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.

തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും അതില്‍ വിചാരണ നടത്താമെന്നും വ്യക്തമാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പുറപ്പെടുവിച്ച ഏപ്രില്‍ 1-ലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുരേഷ് ഗോപി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും സുരേഷ് ഗോപി ഹൈക്കോടതിയില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 പ്രകാരം സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഏജന്റും കൂട്ടാളികളും അഴിമതി കാട്ടിയെന്നാണ് ബിനോയിയുടെ തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആരോപണം.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സുരേഷ് ഗോപി മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്തു, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു, വോട്ടര്‍മാര്‍ക്ക് പണ വാഗ്ദാനം നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു എന്നിവയാണ് ഹര്‍ജിയിലെ പധാന ആരോപണങ്ങള്‍.

 സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായിരുന്ന ഒരു വ്യക്തി വോട്ട് ചെയ്യുമ്പോള്‍ ഹിന്ദു ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചുവെന്നും ശ്രീരാമനുമായി ബന്ധപ്പെട്ട മതചിഹ്നങ്ങള്‍ പ്രചാരണത്തില്‍ ഉപയോഗിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഈ ആരോപണങ്ങള്‍ എല്ലാം തള്ളണമെന്ന ആവശ്യവുമായാണ് സുരേഷ് ഗോപി സുപ്രീംകോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക