Image

1993 മുംബൈ സ്‌ഫോടനക്കേസ്: അബു സലേമിൻ്റെ മോചന ഹർജിയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി

Published on 27 July, 2026
1993 മുംബൈ സ്‌ഫോടനക്കേസ്: അബു സലേമിൻ്റെ മോചന ഹർജിയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: 1993-ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ അബു സലേമിൻ്റെ മോചന ഹർജിയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി. പോർച്ചുഗലുമായി ഉണ്ടാക്കിയ നാടുകടത്തൽ വ്യവസ്ഥപ്രകാരം താൻ ഇന്ത്യയിൽ 25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയെന്നും അതിനാൽ തന്നെ വെറുതെവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അബു സലേം സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. സലേമിൻ്റെ ഹർജി നേരത്തെ ഹൈക്കോടതി "അകാലത്തിലുള്ളതും അടിസ്ഥാനരഹിതവുമാണ്" എന്ന് വ്യക്തമാക്കി തള്ളിയിരുന്നു.

നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2005 നവംബർ 11-നാണ് അബു സലേമിനെ പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള കരാർ പ്രകാരം സലേമിന് വധശിക്ഷ നൽകാനാവില്ലെന്നും തടവുശിക്ഷ 25 വർഷത്തിൽ കവിയാൻ പാടില്ലെന്നുമാണ് വ്യവസ്ഥ.

താൻ 25 വർഷം പൂർത്തിയാക്കിയതായി ഹർജിക്കാരൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വിചാരണത്തടവുകാരനായി കഴിഞ്ഞ കാലയളവും ശിക്ഷാവിധിക്കു ശേഷമുള്ള കാലയളവും കൂടാതെ നല്ല നടപ്പിന് ലഭിച്ച ഇളവും ഇതിൽ ഉൾപ്പെടുന്നുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. രണ്ട് വർഷവും ഒൻപത് മാസവും സൽപ്പെരുമാറ്റത്തിലൂടെ ഇളവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

25 വർഷം എങ്ങനെ പൂർത്തിയായെന്ന് കോടതി സലേമിൻ്റെ അഭിഭാഷകനോട് ചോദിച്ചു. ശിക്ഷാകാലയളവ് ചുരുക്കാൻ നല്ല നടപ്പിൻ്റെ ആനുകൂല്യം ഉൾപ്പെടുത്തുന്നത് നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. 2005 നവംബർ 11-ന് കസ്റ്റഡിയിലെടുത്ത സലേമിൻ്റെ 25 വർഷത്തെ കാലാവധി സാധാരണ കണക്കുകൂട്ടൽ പ്രകാരം 2030 നവംബറിലെ അവസാനിക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

​ഒരു ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം കേസിൽ വിശദമായ വിധി വേണോ അതോ ലളിതമായ തള്ളിക്കളയലാണോ വേണ്ടതെന്ന് കോടതി ചോദിക്കുകയും വിഷയത്തിൽ വിശദമായ വിധി വേണമെന്ന് അഭിഭാഷകൻ പറയുകയും ചെയ്തു. തുടർന്ന് ഹർജിയിൽ വിധി പറയാനായി മാറ്റുകയുമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക