
കൊച്ചി: മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ധന്യ മോഹനെ എന്‍ഫോഴ്സ്മെന്റ്
ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസില്‍ ഹാജരാകാന്‍ നല്കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇന്ന് കൊച്ചിയിലെ ഓഫീസിലെത്തിയ ധന്യയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.
മണപ്പുറം ഗ്രൂപ്പിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ച് വര്‍ഷത്തിനിടയില്‍ ധന്യ മോഹന്‍ ഏകദേശം 20 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്കും മാറ്റിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള
ഗെയിമുകള്‍ക്കായാണ് പണം പ്രധാനമായും വിനിയോഗിച്ചതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. .കൂടാതെ, ഈ ഇടപാടുകളില്‍ കുഴല്‍പണ ബന്ധവും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.
നേരത്തെ പോലീസ് അന്വേഷിച്ച ഈ കേസ് നിലവില്‍ ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ധന്യ പിന്നീട് കൊല്ലം പോലീസില്‍ കീഴടങ്ങുകയായിരുന്നു. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുന്നത്.