Image

ഫേസ്ബുക്ക് പേജില്‍കൂടി ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് രണ്ടുകുപ്പി വെള്ളം

Published on 27 July, 2026
 ഫേസ്ബുക്ക് പേജില്‍കൂടി ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് രണ്ടുകുപ്പി വെള്ളം

 

ഒറ്റപ്പാലം: ഓണ്‍ലൈനായി ഡ്രോണ്‍ ഓര്‍ഡര്‍ചെയ്ത യുവാവിന് ലഭിച്ചത് രണ്ടുബോട്ടില്‍ കുപ്പിവെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. 2,200 രൂപയും നഷ്ടമായി. ഇന്‍ഡോ ഗാഡ്ജറ്റ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യവീഡിയോ കണ്ടാണ് പനമണ്ണ സ്വദേശി ഡ്രോണ്‍ക്യാമറ ഓര്‍ഡര്‍ ചെയ്യുന്നത്. കൊറിയര്‍ചാര്‍ജ് അടക്കം 2,200 രൂപയായിരുന്നു വില.

ഫേസ് ബുക്കിലെ ലിങ്കില്‍ തൊട്ടതും വാട്സ്ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. പിന്നാലെ കൊറിയര്‍ എത്തിക്കേണ്ട അഡ്രസും അഡ്വാന്‍സ് തുക അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വന്നു. അതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് 200 രൂപ മുന്‍കൂറായി അടച്ചു. മൂന്നുദിവസത്തിനുള്ളില്‍ വീട്ടിലെത്തിയ കൊറിയര്‍ 2,000 രൂപയടച്ച് വാങ്ങി. കടലാസ് ബോക്സില്‍ ലഭിച്ച പായ്ക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായത്.

ഡ്രോണിനുപകരം പേപ്പറുകള്‍ക്കുള്ളില്‍ ഭദ്രമായി വെച്ച നിലയിലായിരുന്നു കുപ്പിവെള്ളം. തുടര്‍ന്ന്, യുവാവ് ഒറ്റപ്പാലം പോലീസില്‍ പരാതിനല്‍കി. ആധികാരികമല്ലാത്ത  സൈറ്റുകളില്‍ നിന്നും പരസ്യ ലിങ്കുകളില്‍നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ജാഗ്രതപുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക