Image

ഉടുമ്പന്‍ചോലയില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

Published on 27 July, 2026
 ഉടുമ്പന്‍ചോലയില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. മധ്യപ്രദേശ് സ്വദേശിയായ  റിമു ആണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെയാണ് വീട്ടുപരിസരത്തുനിന്ന് പെണ്‍കുട്ടിയെ ഇയാള്‍ ബലമായി കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് വൈകീട്ട് ഏഴരയോടെ പെണ്‍കുട്ടി സ്വമേധയാ വീട്ടില്‍ തിരിച്ചെത്തി. വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസ് ഉടന്‍തന്നെ തിരച്ചില്‍ ആരംഭിക്കുകയും രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ തനിക്ക് 20 വയസ്സുണ്ടെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ 16 വയസ്സ് പ്രായം രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജരേഖ ചമച്ചതിനടക്കം ഇയാള്‍ക്കെതിരേ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു.

നാലുമാസം മുമ്പാണ് റിമു ഉടുമ്പന്‍ചോലയിലെത്തിയത്. ഈ സമയത്ത് പ്രദേശത്ത് ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. നാലുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക