
ആലപ്പുഴ: കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജി കോണ്‍ഗ്രസിന്റെ വിജയമായി ചിത്രീകരിക്കേണ്ടതില്ലെന്നും, ആ ക്രെഡിറ്റ് കോണ്‍ഗ്രസിന് വേണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത് രാജ്യത്തെ യുവജനങ്ങളുടെ വിജയമായി കാണുന്നുവെന്നും കെസി പ്രതികരിച്ചു
ജന്തര്‍മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പരസ്യമായി രംഗത്തിറങ്ങാതിരുന്നത് ഒരു രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം ആദ്യഘട്ടത്തില്‍ തന്നെ മുന്നില്‍ വന്നിരുന്നെങ്കില്‍, ഇത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണെന്ന് ബിജെപി പ്രചാരണം നടത്തുമായിരുന്നു. എന്നാല്‍ സമരത്തിന് ആവശ്യമായ നിയമസഹായങ്ങളും മറ്റ് പിന്തുണയുമായി കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണയോടെ പിന്‍നിരയില്‍ തന്നെയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ രാജിയോടെ മാത്രം ഈ പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ ആശങ്കയുമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ സാധിക്കുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം. പരീക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ ബില്ലിനെക്കുറിച്ച് പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് സംയുക്ത നിലപാട് സ്വീകരിക്കും.
അതേസമയം, ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഉപയോഗിച്ചും മറ്റും നടത്തിയ ക്രൂരമായ അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തോട് മാപ്പ് പറയണമെന്നും കെസി ആവശ്യപ്പെട്ടു.