
ആലപ്പുഴ: പാര്‍ക്കിങ്ങിന് തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് കട പൊളിച്ചു നീക്കിയതായി പരാതി. ആലപ്പുഴ ഹരിപ്പാടാണ് ഗുണ്ടകള്‍ കട തകര്‍ത്തത്. ഹരിപ്പാട് സ്വദേശി അശോക് കുമാറിന്റെ ശീതള പാനീയ ഷോപ്പാണ് ഗുണ്ടകള്‍ തകര്‍ത്തത്. ഒറ്റരാത്രി കൊണ്ടാണ് കടമുറി പൊളിച്ചു നീക്കിയത്. തൊട്ടടുത്തുള്ള ശ്രീവത്സം എന്ന ടെക്സ്റ്റൈല്‍സുമായി ബന്ധപ്പെട്ടവര്‍ ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് ക്രൂരത എന്നാണ് ആരോപണം. കടയിലുണ്ടായിരുന്ന പണവും സ്വര്‍ണവും അടക്കം മോഷണവും പോയതായും പരാതിയുണ്ട്.
ശ്രീവത്സം ടെക്സ്റ്റൈല്‍സിന് പാര്‍ക്കിംഗ് ലഭിക്കാന്‍ തടസ്സമായിരുന്ന കട മുറിയാണ് ഉടമപോലും അറിയാതെ രാത്രിയില്‍ പൊളിച്ചു നീക്കിയത്. കട ഉടമ വിവരം നാട്ടുകാരോട് പറഞ്ഞതോടെ പൊതുപ്രവര്‍ത്തകര്‍ അടക്കം കടയില്‍ കയറി പ്രതിഷേധിച്ചു. ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹരിപ്പാട് ശ്രീവത്സം ടെക്സ്റ്റൈല്‍സ് തുറക്കാന്‍ അനുവദിക്കില്ല എന്നാണ് പൊതുപ്രവര്‍ത്തകരുടെ നിലപാട്. അശോകിന്റെ കട പൊളിക്കാന്‍ ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.
നഗരസഭാ സെക്രട്ടറി ശ്രീവത്സം ടെക്സ്റ്റയില്‍സുമായി ചേര്‍ന്നാണ് ഇങ്ങനെ ഒരു പ്രവര്‍ത്തി നടത്തിയതെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ തന്നെ ആരോപിക്കുന്നുണ്ട്. മറ്റൊരു കെട്ടിടം പൊളിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിന്റെ മറവിലാണ് അശോകിന്റെ കട കൂടി പൊളിച്ചിരിക്കുന്നെന്നാണ് വിവരം. ടെക്സ്റ്റൈല്‍സ് ഏജന്റ് ആയ ചെറായി ഷാജി അടക്കമുള്ളവര്‍ക്കെതിരെയാണ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആരോപണമുന്നയിക്കുന്നത്. കെട്ടിടം അപകടനിലയിലാണെന്ന വ്യാജ കേസ് അടക്കം കൊടുത്ത് ആണ് ഇങ്ങനെ ഒരു പ്രവര്‍ത്തി നടത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ പരിഹാരം കാണുന്നതിനായി പ്രതിഷേധിക്കുകയാണ്.