
പത്തനംതിട്ട: അടുക്കള ജോലികളും പരമ്പരാഗത ഭക്ഷണരീതികളും മകന്റെ ഭാര്യക്ക് പകര്‍ന്നു നല്‍കണമെന്ന് അമ്മമാരെ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി.
''വീട്ടുജോലികള്‍ ആണ്‍, പെണ്‍ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മള്‍ പാഠപുസ്തകങ്ങളില്‍ വരുത്തി. എന്നിട്ടും....!'' എന്നാണു മുന്‍മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചത്. . 14-ാമത് 'പംപ' സാഹിത്യോത്സവം ചെങ്ങന്നൂര്‍ ഡി ചാര്‍ളി പമ്പ റെമിനിസന്‍സില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
'കല ഉള്‍പ്പെടെ പരമ്പരാഗതമായ എല്ലാം നിലനിര്‍ത്തേണ്ടതാണ്. മുന്‍ തലമുറകള്‍ നമുക്കു പകര്‍ന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകര്‍ന്നു നല്‍കുന്നില്ല. ഞാന്‍ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാര്‍ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കള്‍ക്കു അതു പകര്‍ന്നു കൊടുക്കുന്നില്ല, ആ മക്കള്‍ക്കോ മകന്റെ ഭാര്യയായി വരുന്ന ആള്‍ക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം' എന്നാണു കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞത്. ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നുമാണ് വിമര്‍ശനം ഉയരുന്നത്.