
മലപ്പുറം: എംഎസ്എഫ് ( മുസ്ലിം സ്റ്റുഡന്റ്റ്‌സ് ഫെഡറേഷന്‍ ) സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണായക മാറ്റങ്ങള്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.കെ.നവാസ് എംഎല്‍എയും, ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നജാഫും പദവികള്‍ ഒഴിഞ്ഞു.
സംഘടനയുടെ പുതിയ പ്രസിഡന്റായി ഷറഫുദ്ദീന്‍ പിലാക്കലിനെയും ജനറല്‍ സെക്രട്ടറിയായി അഖില്‍ കുമാര്‍ ആനക്കയത്തെയും താല്‍ക്കാലികമായി ചുമതലയേല്‍പ്പിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
ഭാരവാഹിത്വത്തിലേക്ക് ആരെത്തണമെന്ന കാര്യത്തില്‍ സംഘടനയ്ക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, തെരഞ്ഞെടുപ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കള്‍ സ്ഥലത്തില്ലാത്തതുകൊണ്ടാണ് യോഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം.