Image

ചരിത്രപരമായ നീക്കം: ആണവ സഹകരണ കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യയും അമേരിക്കയും

Published on 26 July, 2026
ചരിത്രപരമായ നീക്കം: ആണവ സഹകരണ കരാറിൽ ഒപ്പുവച്ച്   സൗദി അറേബ്യയും അമേരിക്കയും

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് സമാധാനപരമായ ആണവോർജ്ജ ഉപയോഗങ്ങൾക്കുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കഴിഞ്ഞ നവംബറിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ യു.എസ് സന്ദർശന വേളയിൽ ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ ചരിത്രപ്രധാനമായ കരാർ നിലവിൽ വന്നിരിക്കുന്നത്.

സൗദി ഊർജ്ജ, വ്യവസായ-ഖനന ധാതു മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാർ കൈമാറിയത്. സാങ്കേതികവിദ്യ, അനുഭവസമ്പത്ത്, അറിവ് എന്നിവ പരസ്പരം കൈമാറുന്നതിലൂടെ ഊർജ്ജ, വികസിത സാങ്കേതികവിദ്യാരംഗങ്ങളിൽ ഇരുരാജ്യങ്ങൾക്കും മുന്നേറ്റമുണ്ടാക്കാൻ ഈ നീക്കം സഹായിക്കും.

ആണവ സുരക്ഷ, അണുപ്രസരണ വ്യാപനം തടയൽ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ സഹകരണം നടപ്പാക്കുന്നത്. സൗദിയുമായി സിവിലിയൻ ആണവ സഹകരണ കരാറിലെത്തിയ വിവരം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ സഹകരണ കരാറിന് പുറമെ, ആണവ സുരക്ഷാ ഉറപ്പുകൾ സംബന്ധിച്ച മറ്റൊരു പ്രത്യേക കരാറിലും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഒപ്പുവെച്ചു.

പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്നതും ശതകോടി ഡോളർ മൂല്യമുള്ളതുമായ ഈ പങ്കാളിത്തം ആണവ വ്യാപനം തടയൽ ഉൾപ്പെടെയുള്ള സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് യു.എസ് ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. ഈ കരാറുകൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി നിലവിലുള്ള നിയമനടപടികളുടെ ഭാഗമായി പരിശോധനയ്ക്കായി അമേരിക്കൻ കോൺഗ്രസിന് സമർപ്പിക്കും. യു.എസ് ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വ്യാപിപ്പിക്കാനും വാഷിങ്ടണും റിയാദും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും. 

കൂടാതെ, സൗദിയിലെ സമാധാനപരമായ ആണവോർജ്ജ പദ്ധതികളിൽ അമേരിക്കൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും ഈ ദീർഘകാല പങ്കാളിത്തത്തിലൂടെ സാധിക്കും.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-26 22:39:13
💥🔥ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ കൂടാരത്തിൽ, ഒട്ടകത്തിനു തല മാത്രം അകത്തു കടത്താൻ അനുമതി കൊടുത്തതു പോലെ ആകാൻ പോകുകയാണല്ലോ നാഥാ. ധർമെന്ദ്ര ബ്രഹ്മചാരിയെയും ഭിന്ദ്രൻ വാലാ യേയും ഇന്ദിര വളർത്തിയതു പോലിരിക്കും ഇത്. ഇറാഖിനെയും അഫ്‌ഘാനെയും വളർത്തിയതു പോലെ... ഇത് പശ്ചിമേഷ്യ മൊത്തം കലുഷിതമാക്കും വിദൂര ഭാവിയിൽ. ഒന്നിൽ കൂടുതൽ ബിൻലാദന്മാർ ഉണ്ടാകാനുള്ള അവസരമാണിത്. അവസാനം അമേരിക്കയ്ക്ക് തന്നേ പണിയാകും. ഇപ്പോഴാണെങ്കിൽ നടത്തികൊണ്ടു പോകാം, കുറേ കഴിഞ്ഞാണെങ്കിൽ ആംബുലൻസ് തന്നെ വിളിക്കേണ്ടി വരും. ഏതായാലും മുടിഞ്ഞ കൂത്ത് കാത്തിരുന്നു കാണാം. ✳️റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക