
ന്യൂഡൽഹി: ബോയിങ്-787 വിമാനങ്ങളിലെ വാതിലുകളുടെ പ്രശ്നം പരിഹരിക്കുമെന്ന് എയർ ഇന്ത്യ. യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ (എഫ്എഎ) നിർദ്ദേശപ്രകാരമാണ് ബോയിങ്-787 വിമാനങ്ങളിലെ ഡോർ അസിസ്റ്റ് ഹാന്‍ഡിലുകളുടെ പ്രശ്നം പരിഹരിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഫ്ലൈറ്റിന് മുമ്പ് നടത്തിയ പരിശോധനയിൽ ഡോർ അസിസ്റ്റ് ഹാൻഡിലുകൾ ഡോർവേ സപ്പോർട്ട് ബ്രാക്കറ്റിലെ താഴത്തെ അറ്റാച്ച് പോയിൻ്റിൽ നിന്ന് അഴിഞ്ഞുപോയതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് ഈ മാസം ആദ്യം എഫ്എഎ ചില ബോയിങ് 787-8, 787-9, 787-10 മോഡലുകളിൽ അഴിച്ചുപണി നടത്തണമെന്ന് നിർദ്ദേശിച്ചത്.
ഡോർ അസിസ്റ്റ് ഹാൻഡിലുകൾ വേർപെടുത്തുന്നതിലൂടെ യാത്രക്കാർക്കോ, ജീവനക്കാർക്കോ, അറ്റകുറ്റപ്പണി നടത്തുന്നവർക്കോ പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ ചില മോഡലുകളിൽ മാറ്റങ്ങൾ വരുത്താൻ എഫ്എഎ എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യയുടെ പക്കൽ ആകെ 35 ഡ്രീംലൈനർ വിമാനങ്ങളാണുള്ളത്. ബോയിങ് 787 വിമാനങ്ങൾ ഡ്രീംലൈനറുകൾ എന്നും അറിയപ്പെടുന്നു.
ഇതിൽ പഴയ 26 ബോയിങ് 787-8 വിമാനങ്ങളും ഒമ്പത് ബോയിങ് 787-9 വിമാനങ്ങളുമാണുള്ളത്. 787-9 വിഭാഗത്തിലുള്ളവയിൽ മൂന്ന് എണ്ണം പുതിയവയും, ബാക്കി ആറെണ്ണം വിസ്താരയിൽ നിന്നുമുള്ളവയാണ്. എയർ ഇന്ത്യയ്ക്ക് ആകെ 185 വിമാനങ്ങളുണ്ട്, അവയിൽ നാരോ-ബോഡികളും വൈഡ്-ബോഡികളും ഉൾപ്പെടുന്നു. എഫ്എഎയുടെ (FAA) എയർവർത്തിനസ് ഡയറക്ടീവിനെക്കുറിച്ച് എയർലൈൻസിന് അറിയാമെന്നും ഇത് നിലവിലെ സർവീസുകളെയും സുരക്ഷയെയും ബാധിക്കില്ലെന്നും ഉറവിടങ്ങൾ വ്യക്തമാക്കി.