Image

ഹോർമുസ് കടലിടുക്കിൽ കുഴിബോംബുകളില്‍ തട്ടി എണ്ണ കപ്പൽ പൊട്ടിത്തെറിച്ചു

Published on 26 July, 2026
ഹോർമുസ് കടലിടുക്കിൽ കുഴിബോംബുകളില്‍ തട്ടി എണ്ണ കപ്പൽ പൊട്ടിത്തെറിച്ചു

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ എണ്ണ കപ്പൽ പൊട്ടിത്തെറിച്ചു. കടലിടുക്കിൽ ഇറാൻ്റെ നിശ്ചിത പാതയിൽ നിന്ന് മാറി സഞ്ചരിച്ചതിനെ തുടർന്ന് കടലില്‍ വിന്യസിച്ചിരുന്ന കുഴിബോംബുകളില്‍ തട്ടിയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

തങ്ങള്‍ നിശ്ചയിച്ച പാതയിൽ നിന്ന് മാറി സഞ്ചരിച്ചാൽ അതിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു. അതേസമയം സ്‌ഫോടനത്തെ കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം ഹോർമുസ് കടലിടുക്കിലെ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടന്നത്. പല ഘട്ടങ്ങളിലായി നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വ്യത്തങ്ങൾ അറിയിച്ചു.

ഇറാനിൽ തുടർച്ചയായി 13 ദിവസമായി അമേരിക്ക നടത്തി വരുന്ന ആക്രമണം താത്‌ക്കാലികമായി നിർത്തിവച്ചു. രണ്ട് ആഴ്‌ചയോളമായുണ്ടായിരുന്ന ആക്രമണം നിർത്തിവയ്‌ക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇറാനെതിരെ ആക്രമണം നടപ്പാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ആക്രമണം ചിലപ്പോൾ വേണ്ടിവരില്ലെന്നും സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഭീഷണികളെയോ സമ്മർദ്ദങ്ങളെയോ ഭയപ്പെടുന്നില്ലെന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞത്. ഒരു ശക്തിക്ക് മുന്നിലും വഴങ്ങില്ലെന്നായിരുന്നു അരാഗ്‌ചി വ്യക്തിമാക്കിയത്. ഉറപ്പുകൾ ലംഘിച്ച അമേരിക്കൻ നടപടികളാണ് ഹോർമുസ് പ്രതിസന്ധിക്ക് കാരണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

അതേസമയം യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ നഗരത്തിൽ സൗദി അറേബ്യ വ്യോമാക്രമണം നടത്തി. ചെങ്കടലിലെ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് നടപടി.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സൈനിക നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക