
വ്യോമാക്രമണത്തിനുള്ള പടക്കോപ്പുകൾ കുറഞ്ഞു വരുന്നുവെന്നു ഉപദേഷ്ടാക്കൾ താക്കീതു നൽകിയതിനെ തുടർന്നു ഇറാനിൽ കൂടുതൽ വ്യാപകമായ ആക്രമണം നടത്താനുളള നീക്കം പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറ്റിവച്ചെന്നു റിപ്പോർട്ട്.
മിഡിൽ ഈസ്റ്റിൽ മിസൈലുകൾ തടുക്കുന്ന പേട്രിയട്ട് ഉൾപ്പെടെയുള്ള പ്രതിരോധം ഗൗരവമായി കുറയുകയും സൈനികരെ അപകടത്തിലേക്ക് എത്തിക്കയും ചെയ്യുമെന്നു ട്രംപിനെ സൈനിക നേതാക്കൾ താക്കീതു ചെയ്‌തെന്നാണ് 'ന്യൂ യോർക്ക് ടൈംസ്' പറയുന്നത്. ഗൾഫിലെ സഖ്യരാഷ്ട്രങ്ങൾക്കും അതു വിനയാകും. നിർണായക സൈനിക സംവിധാനങ്ങൾക്ക് അടിയേൽക്കുകയും ചെയ്യും.
സാമ്പത്തിക രംഗത്ത് കൂടുതൽ അരാജകത്വം ഉണ്ടാവുമെന്ന താക്കീതും മുതിർന്ന ഉപദേഷ്ടാക്കളിൽ നിന്നു ട്രംപിനു ലഭിച്ചു. പ്രാദേശിക പ്രതിസന്ധികൾ വഷളാവുകയും ചെയ്യും.
ജോർദാനിൽ അമേരിക്കൻ പ്രതിരോധം തകർത്തു ഇറാന്റെ മിസൈലുകളും ഡ്രോണുകളും യുഎസ് സൈനികരുടെ ജീവനെടുത്തത് ആശങ്ക വർധിപ്പിച്ചു.
ഇറാനെതിരെ യുദ്ധം മുറുകിയാൽ സെന്റ്‌കോമിന് അനുവദിച്ച പടക്കോപ്പുകൾ പോരാതെ വരുമെന്ന് സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ ട്രംപിനോടു സ്വകാര്യമായി പറഞ്ഞെന്നും റിപ്പോർട്ടിൽ കാണുന്നു.
നയതന്ത്രത്തിലാണ് താല്പര്യം
വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ചുങ് പറഞ്ഞു: "പ്രസിഡന്റ് എപ്പോഴും നയതന്ത്രത്തിലാണ് താല്പര്യം കാട്ടിയിട്ടുള്ളത്. എന്നാൽ യുദ്ധം അനിവാര്യമാണെങ്കിൽ അതിനു തയ്യാറുമാണ്."
ഇറാനിൽ 13 ദിവസം തുടർച്ചയായി ആക്രമണം നടത്തിയ ശേഷം വെള്ളിയാഴ്ച്ച നിർത്തി വച്ചിരുന്നു. യുദ്ധം ശക്തമാകുമോ എന്നു ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് ചർച്ചയ്ക്കു ഇറാൻ അഭ്യർഥിച്ചു എന്നാണ്.
യുദ്ധം വിപുലമാക്കാൻ പെന്റഗൺ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ സൈനികരെയും ആയുധങ്ങളും മിഡിൽ ഈസ്റ്റിൽ എത്തിച്ചിരുന്നു. ഇറാന്റെ ആയുധ ഒഴുക്ക് തടയാൻ റെയിൽ പാലങ്ങളും മറ്റും തകർക്കുകയും ചെയ്തു. അണുശക്തി കേന്ദ്രമായ പിക്കാക്സ് മലനിരകളിൽ ആക്രമണം നടത്താനുള്ള പദ്ധതി തന്നെ ട്രംപ് മാറ്റിവച്ചതു പക്ഷെ ആയുധ ശോഷണം കൊണ്ടാണ്.
'ടൈംസ്' റിപ്പോർട്ട് അനുസരിച്ചു ഏപ്രിലിലിനു ശേഷം പെന്റഗൺ 1,200 ലധികം പേട്രിയട്ട് പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചു കഴിഞ്ഞു. ഒരെണ്ണത്തിനു വില $4 മില്യൺ ആണ്. ഇവയുടെ സ്റ്റോക്ക് നന്നേ ശോഷിച്ചിട്ടുണ്ട്.
Trump shelves plans for wider Iran strikes