
ലൈംഗിക അപവാദത്തിൽ പെട്ടു പുറത്തായ ഗ്രഹാം പ്ലാറ്റ്നർക്കു പകരം മെയ്‌നിൽ നിന്നു യുഎസ് സെനറ്റിലേക്കു മത്സരിക്കാൻ സ്റ്റേറ്റ് സെനറ്റ് മുൻ പ്രസിഡന്റ് ട്രോയ് ജാക്‌സണെ (58) ഡെമോക്രാറ്റിക് പാർട്ടി തിരഞ്ഞെടുത്തു. 1997 മുതൽ സെനറ്ററായിരിക്കുന്ന പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് സൂസൻ കോളിൻസിനെ (73) അദ്ദേഹം നവംബർ 3 തിരഞ്ഞെടുപ്പിൽ നേരിടും.
മെയ്‌നിൽ ഏറ്റവും നീണ്ട കാലം സെനറ്റർ ആയിരുന്ന കോളിൻസിനെതിരെ ലീഡ് ഉള്ളപ്പോഴാണ് പ്ലാറ്റ്നർ പുറത്തായത്. പ്രൈമറിയിൽ ശനിയാഴ്ച്ച 601 ഡെലിഗേറ്റുകളിൽ വൻ ഭൂരിപക്ഷ്ത്തിന്റെ പിന്തുണ ജാക്‌സൺ നേടി.
സെനറ്റിലെ ഭൂരിപക്ഷം നിർണയിക്കുന്നതിൽ മെയ്ൻ സുപ്രധാനമാണ്. പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിനെതിരെ ജനരോഷം പ്രകടമായിരിക്കെ മത്സരം കടുത്തു നിൽക്കയാണ്. കോളിൻസ് ട്രംപിനെതിരായ നിലപാടുകൾ എടുത്തിട്ടുള്ളത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന ഒരു ഘടകവുമാണ്.
മുൻ സുഹൃത്ത് ജെന്നി റേസിക്കോട്ട് മാനഭംഗ കുറ്റം ആരോപിച്ചതിനെ തുടർന്നാണ് പ്ലാറ്റ്നർക്കു ജൂലൈ 10നു പിന്മാറേണ്ടി വന്നത്. അദ്ദേഹം കുറ്റം നിഷേധിച്ചെങ്കിലും വിഷയം സജീവമാണ്.
ജനപ്രീതി നേടുന്ന രാഷ്ട്രീയത്തിന്റെ പ്രതീകമായ ജാക്‌സണു വിജയം ഉറപ്പിക്കാൻ കഴിയുമെന്നു ഡെമോക്രാറ്റിക് സെനറ്റർമാരായ ചക് ഷൂമർ, കിർസ്റ്റൺ ഗിലിബ്രാൻഡ് (ന്യൂ യോർക്ക്) എന്നിവർ പറഞ്ഞു.
എന്നാൽ റിപ്പബ്ലിക്കൻ നേതൃത്വം അദ്ദേഹത്തെ കടന്നാക്രമിച്ചു.
യൂണിയൻ നേതാവ് കൂടിയായ ജാക്‌സണെ സോഷ്യലിസ്റ്റ് സെനറ്റർ ബെർണി സാന്ഡേഴ്സ് (വെർമെണ്ട്) പിന്തുണച്ചു. മുൻ റിപ്പബ്ലിക്കൻ ആയ ജാക്‌സൺ ഡെമോക്രാറ്റിക് പാർട്ടിയിൽ എത്തിയത് 2004ലാണ്.
Maine Democrats pick Troy Jackson to run for Senate