Image

സോനം വാങ്ചുകിനെ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധ തടങ്കലിൽ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ

Published on 19 July, 2026
സോനം വാങ്ചുകിനെ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധ തടങ്കലിൽ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 21 ദിവസമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പരിഷ്‌കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വാങ്ചുകിന്റെ ആരോഗ്യം വഷളായ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതാജ്ഞലി അങ്‌മോ ഹർജിയിൽ ആവശ്യപ്പെട്ടു. നിലവിൽ വാങ്ചുകിനെ പാർപ്പിച്ചിരിക്കുന്ന സഫ്ദർജംഗ് ആശുപത്രിയിലെ താമസം ചികിത്സയല്ലെന്നും, അത് നിയമവിരുദ്ധമായ തടങ്കലാണെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. അദ്ദേഹത്തെ സന്ദർശിക്കാനും പരിശോധിക്കാനും സ്വന്തം വക്കീലന്മാർക്കും ഡോക്ടർമാർക്കും പൂർണ്ണ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

​കഴിഞ്ഞ ദിവസം രാവിലെ ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് അപ്രതീക്ഷിത പോലീസ് നടപടിയിലൂടെയാണ് വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലും അദ്ദേഹം നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ സ്ഥിരീകരിച്ചു. എന്നാൽ, സഫ്ദർജംഗ് ആശുപത്രി അധികൃതരുടെ ചികിത്സാ രീതികളിൽ സുതാര്യതയില്ലെന്നും അവരിൽ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ഗീതാജ്ഞലി അങ്‌മോ സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. വാങ്ചുകിന്റെ പൊട്ടാസ്യം അളവ് ജീവന് ഭീഷണിയാകുംവിധം 2.9 ആയി കുറഞ്ഞുവെന്ന് തങ്ങളോട് പറഞ്ഞ ആശുപത്രി അധികൃതർ, ഹെൽത്ത് ബുള്ളറ്റിനിൽ 'പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നു' എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ പുറത്തുള്ള ലാബിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യം നില 3.5 ആണെന്ന് കണ്ടെത്തിയതായും ഇത് ആശങ്കാജനകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

​കടുത്ത നിർജ്ജലീകരണ ലക്ഷണങ്ങളുണ്ടെങ്കിലും വാങ്ചുകിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് നിലവിൽ ആശുപത്രി അധികൃതരുടെ വാദം. അതേസമയം, വാങ്ചുക് ചികിത്സയിലുള്ള ഫ്ലോറിൽ മുപ്പതോളം ഉദ്യോഗസ്ഥരടക്കം നൂറിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും, പലതവണ അഭ്യർത്ഥിച്ചിട്ടും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനോ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനോ തയാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും കുടുംബം വ്യക്തമാക്കി. സ്വന്തം പ്രിയപ്പെട്ടവർക്ക് എവിടെയാണ് മെഡിക്കൽ പരിചരണം നൽകേണ്ടതെന്ന് തീരുമാനിക്കാൻ ഒരു കുടുംബത്തിന് ഭരണകൂടത്തോട് പോരാടേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക