
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. ബോർഡിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ലീഗ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. മുൻ എൽഡിഎഫ് സർക്കാരിന്റെ നോമിനികളായി നിലവിൽ തുടരുന്ന വഖഫ് ബോർഡ് അംഗങ്ങൾ, പുതിയ വഖഫ് ഭേദഗതി നിയമമായ 'ഉമീദ് ആക്ട്' നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന നിഗമനത്തിലാണ് ലീഗ് നേതൃത്വം എത്തിയത്. ബോർഡ് ചെയർമാൻ കെ.എസ്. ഹംസ, അംഗങ്ങളായ എ.എ. റഹീം, ഉമർ ഫൈസി മുക്കം എന്നിവർക്ക് നിലവിൽ നിയമപരമായ യോഗ്യതയില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഉമീദ് ആക്ട് പ്രകാരം വഖഫ് ബോർഡ് അംഗങ്ങൾ മുസ്ലിം ജനപ്രതിനിധികളോ, മുത്തവല്ലിമാരോ, മതപണ്ഡിതരോ, സർക്കാർ ഉദ്യോഗസ്ഥരോ ആയിരിക്കണം. ബോർഡ് രൂപീകരണ സമയത്ത് കെ.എസ്. ഹംസ എം.എൽ.എയും എ.എ. റഹീം രാജ്യസഭാംഗവുമായിരുന്നെങ്കിലും നിലവിൽ ഇരുവർക്കും ആ പദവികളില്ലെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മുത്തവല്ലി ക്വാട്ടയിൽ ഉൾപ്പെടുത്തിയ ഉമർ ഫൈസി മുക്കം ഒരു മുസ്ലിം ജമാഅത്തിന്റെയും മുത്തവല്ലിയല്ലെന്നും ലീഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ബോർഡ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി ഉണ്ടായാൽ അതിനെ സർക്കാർ അംഗീകരിക്കണമെന്നാണ് ലീഗ് നിലപാട്. എന്നാൽ, വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ഉമീദ് ആക്ടിലെ കേന്ദ്ര വ്യവസ്ഥയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ലീഗ് കൂട്ടിച്ചേർത്തു.
അതിനിടെ, വഖഫ് ബോർഡുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാരിന് തിരിച്ചടിയേറ്റെന്ന പ്രചാരണം വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ തള്ളി. നിലവിലെ ബോർഡിനെതിരെയുള്ള ഹർജികൾ തള്ളണമെന്ന ആവശ്യമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചതെന്നും ഇതിൽ ബോധപൂർവം തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാർ നിയമപരമായ ക്വാട്ടാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ബോർഡ് രൂപീകരിച്ചതെന്നും ആ അപാകതകൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിൽ അമുസ്ലിം പ്രാതിനിധ്യം കൊണ്ടുവരുന്നതിനെ സർക്കാർ ഒരിടത്തും അനുകൂലിച്ചിട്ടില്ലെന്നും, ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാരിന് പൂർണ്ണ നിയമപരമായ അധികാരമുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.