
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ കെ.എസ്.യുവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള പോര് പരസ്യമായ ചേരിപ്പോരിലേക്ക് നീങ്ങിയതോടെ കർശന നിലപാടുമായി കെ.പി.സി.സി. നേതൃത്വം. വിഷയത്തിൽ നേതാക്കളും വക്താക്കളും സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരസ്യമായ ചേരിതിരിഞ്ഞുള്ള പ്രതികരണങ്ങൾ നടത്തരുതെന്ന് കെ.പി.സി.സി. വാർത്താക്കുറിപ്പിലൂടെ വിലക്കി. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, എന്തെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പാർട്ടിക്കുള്ളിലെ ഔദ്യോഗിക വേദികളിൽ മാത്രമേ ഉന്നയിക്കാവൂ എന്നും നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർട്ടി വക്താക്കൾ തന്നെ രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷം രൂക്ഷമായ സാഹചര്യത്തിലാണ് കെ.പി.സി.സി.യുടെ അടിയന്തര ഇടപെടൽ. ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്.എഫ്.ഐ.-എ.ബി.വി.പി. നേതാക്കളെ ഉൾപ്പെടുത്തിയെന്ന കെ.എസ്.യു.വിന്റെ പരാതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിയതാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന് എന്താണ് കാര്യമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനെതിരെ വലിയൊരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. ഇതിനിടെ, പ്രതിപക്ഷ നേതാവിനെതിരെ പരസ്യവിമർശനം ഉന്നയിച്ച അനൂപ് വി.ആർ., ജിന്റോ ജോൺ എന്നിവരെ കോൺഗ്രസ് മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് സതീശൻ അനുകൂലികൾ ആവശ്യപ്പെട്ടു. ഇവർക്കെതിരെ എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ കെ.പി.സി.സി. പ്രസിഡന്റിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
കോൺഗ്രസിലെ ആഭ്യന്തര തർക്കം തെരുവിലേക്ക് നീളുന്നതിൽ മുതിർന്ന നേതാക്കൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയം അടിയന്തരമായി പരിഹരിക്കാൻ കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി വിളിച്ചുചേർക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതിനിടെ, വിവാദം തണുപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പ്രതിപക്ഷ നേതാവുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. വിഷയത്തിൽ കെ.എസ്.യു. നേതാക്കൾ ആരും തന്നെ കൂടുതൽ പ്രതികരണങ്ങൾ നടത്തരുതെന്ന് അലോഷ്യസ് സേവ്യർ നിർദ്ദേശിച്ചതായാണ് വിവരം. കെ.എസ്.യു എക്കാലത്തും തിരുത്തൽ ശക്തിയാണെന്നും പ്രതിപക്ഷ നേതാവും ഈ സംഘടനയിലൂടെ വന്നയാളാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തിയിട്ടുണ്ട്.