
തിരുവനന്തപുരം: സി.പി.എം. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിന് മുന്നോടിയായി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കാനിരുന്ന പ്രത്യേക ഓർമ്മക്കുറിപ്പ് അവസാന നിമിഷം പിൻവലിച്ചു. 'വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം' എന്ന തലക്കെട്ടിൽ വി.എസിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന പ്രത്യേക പതിപ്പടങ്ങുന്ന വാരാന്തപ്പതിപ്പ് പൂർണ്ണമായി ഒഴിവാക്കിയാണ് ഇന്ന് പത്രം പുറത്തിറങ്ങിയത്. എല്ലാ ഞായറാഴ്ചകളിലും സ്ഥിരമായി പത്രത്തോടൊപ്പം വിതരണം ചെയ്യാറുള്ള വാരാന്തപ്പതിപ്പ് അച്ചടി പൂർത്തിയായ ശേഷം വിതരണം ചെയ്യേണ്ടതില്ലെന്ന് അവസാന നിമിഷം പത്ര മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പായിരുന്നു ഈ ലക്കത്തിലെ പ്രധാന ആകർഷണം. പാർട്ടി നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് അച്ചടി കഴിഞ്ഞിട്ടും ഈ പതിപ്പ് വായനക്കാരിലേക്ക് എത്താതിരിക്കാൻ ദേശാഭിമാനി അധികൃതർ അടിയന്തരമായി ഇടപെട്ടതെന്നാണ് സൂചന. വി.എസിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അദ്ദേഹം മുൻപ് ഉയർത്തിയ വിയോജിപ്പുകളെക്കുറിച്ചുമുള്ള ലേഖനത്തിലെ ചില പരാമർശങ്ങളാണ് പെട്ടെന്നുള്ള ഈ വിലക്കിന് പിന്നിലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.
അതേസമയം, വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കാതെ വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് പത്രം വഴിതുറന്നിരിക്കുന്നത്. 'സാങ്കേതിക പിഴവ് മൂലം ഇന്ന് വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കുന്നതല്ല' എന്നൊരു ലഘു വിശദീകരണ അറിയിപ്പ് മാത്രമാണ് പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചരമവാർഷികത്തോടനുബന്ധിച്ച് പാർട്ടിക്കുള്ളിൽ വി.എസ്. സ്മരണ പുതുക്കുന്ന വേളയിൽ, മുഖപത്രത്തിൽ വന്ന ലേഖനം തടഞ്ഞത് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.