
കോഴിക്കോട്: പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ യുവാവിനെ കിടപ്പുമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകം പറമ്പ് സ്വദേശി ബിജു (40) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയാണ് ബിജുവിനെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.
പുലർച്ചെ മൂന്ന് മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണർത്താൻ എത്തിയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീടിന്റെ മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി മറ്റൊരു വാതിലിലൂടെ അകത്തുകയറി നോക്കിയപ്പോഴാണ് ബിജുവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന് താഴെ വലിയ തോതിൽ രക്തം തളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു.
ലഹരി സംഘങ്ങൾ സജീവമായ പ്രദേശമാണിതെന്നും, ഈ സംഘങ്ങളിൽ പെട്ട ആരെങ്കിലും ബിജുവിനെ ആക്രമിച്ചതാകാം എന്നുമാണ് വീട്ടുകാർ സംശയിക്കുന്നത്. പ്രദേശത്ത് പൊലീസ് നിരന്തരം പരിശോധന നടത്താറുള്ളതാണ്. സംഭവത്തിൽ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.