Image

‘തള്ളൽ കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ’: വി.ഡി സതീശനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

Published on 19 July, 2026
‘തള്ളൽ കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ’: വി.ഡി സതീശനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

കണ്ണൂർ: ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കടുത്ത ഭാഷയിൽ പരിഹസിച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. "തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ" എന്ന ചിന്തയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി സതീശൻ ഇപ്പോൾ പ്രതിപക്ഷ നേതാവല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധ്യം വേണമെന്നും ജോൺ ബ്രിട്ടാസ് ഓർമ്മിപ്പിച്ചു.

​ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിൽ ഭാഗികമായെങ്കിലും സത്യമുണ്ടാകണം. കോൺഗ്രസിന്റെ കവലയോഗങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളിലെ അബദ്ധം പോലെയല്ല ഇത്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിൽ ഒന്നിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത് എന്നതിനാലാണ് ബന്ധപ്പെട്ട വ്യവസായ ഗ്രൂപ്പിന് പരസ്യമായി വിശദീകരണം നൽകേണ്ടി വന്നത്. ഒടുവിൽ അത് കപ്പലല്ല ബോട്ടാണെന്നും, മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്ന നിക്ഷേപമാണെന്നുമുള്ള സത്യം മുൻ വ്യവസായ മന്ത്രി പി. രാജീവ് രേഖകൾ സഹിതം പുറത്തുവിട്ടതായും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

​യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി രണ്ടു മാസം തികയുന്ന വേളയിൽ ഇത്തരം 'തള്ളലുകൾക്ക്' അപ്പുറം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. തന്നെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ പരിലാളനയിൽ വി.ഡി സതീശൻ യാഥാർത്ഥ്യങ്ങൾ മറന്നുപോകരുത്. വരുംദിവസങ്ങളിൽ താനൊരു മുഖ്യമന്ത്രിയാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കണമെന്നും സ്വന്തം സംഘടനയായ കെ.എസ്.യുവിന്റെ അണികളുടെ മുന്നിലെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിലുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക