
ഇറാനിൽ യുഎസ് സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും 38 പേർ മരിക്കയും 400ലേറെ ആളുകൾക്കു പരുക്കേൽക്കുകയും ചെയ്തുവെന്നും ടെഹ്‌റാനിൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏഴാം ദിവസവും തുടർച്ചയായി ഇറാനിൽ ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയത്.
അതേ സമയം, അറേബ്യൻ ഗൾഫിലും യുഎസ് താവളമുളള ജോർദാനിലും തിരിച്ചടിച്ചെന്നു ഇറാൻ അവകാശപ്പെട്ടു. ജോർദാനിൽ യുഎസ് സൈനികർക്കു പരുക്കേറ്റെന്നും യുഎസ് സൈനിക വിമാനങ്ങൾക്കു കേടുവന്നുവെന്നും അവർ പറഞ്ഞു.
ഇറാന്റെ 10 മിസൈലുകൾ തടഞ്ഞുവെന്നു ജോർദാൻ അറിയിച്ചു.
സിറിയയിൽ അൽ താൻഫിലുളള യുഎസ് സ്പെഷ്യൽ കമാൻഡ് ആസ്ഥാനത്തും ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവസേന ഐ ആർ ജി സി പറഞ്ഞു.
കുവൈറ്റിൽ ക്യാമ്പ് ഉദയ്രിയിലെ ആയുധപ്പുരയും അലി അൽ സാലം ആസ്ഥാനത്തെ ആയുധ ശേഖരവും തകർത്തെന്നു ഇറാൻ അറിയിച്ചു. സമീപത്തെ പാലങ്ങളും തകർത്തു.
ബഹ്‌റൈനിലെ യുഎസ് ഫിഫ്ത് ഫ്‌ളീറ്റ് അസ്ഥാനത്തും ആക്രമണം ആവർത്തിച്ചു.
ഹോർമുസിൽ സ്‌തംഭനം
ഹോർമുസ് കടലിടുക്ക് യുഎസ് കാത്തു രക്ഷിക്കുന്നുണ്ടെന്നും കപ്പൽ ഗതാഗതം സുഗമമാണ് എന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞെന്നു നിരീക്ഷണ ഏജൻസി മറീൻ ട്രാഫിക് പറഞ്ഞു.
വ്യാഴാഴ്ച്ച 8 കപ്പലുകളാണ് കടന്നു പോയത്. മുൻപ് 15 വരെ ദിവസവും കടന്നു പോയിരുന്നു. എട്ടിൽ ഏഴു കപ്പലും ഇറാൻ നിശ്ചയിച്ച പാതയിലൂടെയാണു പോയത്.
ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ടു കപ്പലുകൾ മൈൻ തട്ടി പൊട്ടിത്തെറിച്ചെന്ന ഇറാന്റെ അവകാശവാദം ശരിയല്ലെന്നു സെന്റ്‌കോം പറഞ്ഞു.
ഇറാനിൽ വ്യാപകമായി സ്‌ഫോടനങ്ങൾ
ഇറാന്റെ പല പ്രവിശ്യകളിലും വെള്ളിയാഴ്ച്ച വൈകി പൊട്ടിത്തെറികൾ കേട്ടതായി റിപ്പോർട്ടുണ്ട്. യുഎസ് ആക്രമണം തുടർന്നാൽ ഇറാൻ ആക്രമണം കൂടുതൽ വിപുലമാക്കുമെന്നും നശീകരണത്തിനു മടിക്കില്ലെന്നും മുതിർന്ന സൈനിക ഉപദേഷ്ടാവ് പറഞ്ഞതായി 'അൽ ജസീറ' റിപ്പോർട്ട് ചെയ്‌തു.
വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ ആരംഭിച്ച ആക്രമണം ഇറാന്റെ സൈനിക ശേഷി കുറയ്ക്കാൻ ആയിരുന്നു ലക്ഷ്യമിട്ടതെന്നു സെന്റ്‌കോം പറഞ്ഞു. ഹോർമോസ്ഗൺ, ബുഷഹർ, സിസ്റ്റാൻ, ബലൂചിസ്ഥാൻ, ലോറെസ്ഥാൻ പ്രവിശ്യകളിലാണ് ആക്രമണം നടത്തിയത്.
പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ, വീടുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം ആക്രമിച്ചു.
Iran accuses US of killing civilians