Image

അസമിലെ അമേരിക്കൻ മിഷനറി ഡോക്ടർ കെന്നത്ത് വി. ഡോഡ്ജ്സൺ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ Published on 17 July, 2026
അസമിലെ   അമേരിക്കൻ മിഷനറി ഡോക്ടർ  കെന്നത്ത് വി. ഡോഡ്ജ്സൺ അന്തരിച്ചു

ജോർഹട്ട് (അസം): അസമിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ആയിരക്കണക്കിന് രോഗികൾക്ക് പ്രതീക്ഷയും ചികിത്സയും നൽകിയ അമേരിക്കൻ മിഷനറി ഡോക്ടർ  കെന്നത്ത് വി. ഡോഡ്ജ്സൺ (100) അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിനെയും (JCMC) അദ്ദേഹം സേവനം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തി.

ഡോ.  ഡോഡ്ജ്സണും ഭാര്യ സാലി ഡോഡ്ജ്സണും 1955-ൽ അമേരിക്കൻ ബാപ്ടിസ്റ് ഫോറിൻ മിഷൻ സൊസൈറ്റി മിഷനറിമാരായി നിയോഗിക്കപ്പെട്ടു.  1957-ൽ അവർ അസമിലെ ജോർഹട്ടിലെത്തി. അടുത്ത 24 വർഷക്കാലം, ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി അദ്ദേഹം സമർപ്പിതമായി പ്രവർത്തിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലും സേവനത്തിലും ജെ.സി.എം.സി. അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ വിശ്വാസത്തോടെ ആശ്രയിക്കുന്ന പ്രമുഖ ആശുപത്രികളിലൊന്നായി വളർന്നു. തന്റെ സേവനകാലത്ത് 11,000-ത്തിലധികം ശസ്ത്രക്രിയകളും പ്രസവ ശസ്ത്രക്രിയകളും നിർവഹിച്ചതായും നിരവധി ഇന്ത്യൻ ഡോക്ടർമാരെ പരിശീലിപ്പിച്ച് ആരോഗ്യരംഗത്തിന് സംഭാവന നൽകിയതായും ആശുപത്രി അധികൃതർ അനുസ്മരിച്ചു.

1981-ൽ അമേരിക്കയിലേക്ക് മടങ്ങിയ ശേഷവും അദ്ദേഹം വൈദ്യരംഗത്ത് സേവനം തുടർന്നു. മാനവിക സേവനത്തിനും വൈദ്യശുശ്രൂഷയ്ക്കും നൽകിയ അസാധാരണ സംഭാവനകളെ തുടർന്ന് വിവിധ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

ഒരു ഡോക്ടർ എന്നതിലുപരി, സ്നേഹവും കരുണയും നിറഞ്ഞ മിഷനറിയായും മനുഷ്യസ്നേഹിയായും ഓർമ്മിക്കപ്പെടുന്ന ഡോ.   ഡോഡ്ജ്സന്റെ ജീവിതം അസമിലെ ആരോഗ്യരംഗ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്ന് സഹപ്രവർത്തകരും രോഗികളും അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക