Image

ട്രംപിന്റെ ചിത്രമുള്ള ഒരു ഡോളർ നാണയം പുറത്തിറക്കും

Published on 16 July, 2026
 ട്രംപിന്റെ ചിത്രമുള്ള ഒരു ഡോളർ നാണയം പുറത്തിറക്കും

വാഷിങ്ടൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി  ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിപ്പിച്ച പുതിയ ഒരു ഡോളർ നാണയം നിർമ്മിക്കുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചു. യു.എസ്. മിന്റ് ഉടൻ നാണയത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്ന ഈ നാണയം അമേരിക്കൻ മൂല്യങ്ങളുടെയും സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
 

നാണയത്തിന്റെ ഒരു വശത്ത് ഡൊണാൾഡ് ട്രംപിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന് മുകളിലായി 'Liberty' എന്ന വാക്കും താഴെ 1776–2026 എന്ന വർഷങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ചിത്രത്തിന് സമീപം 'In God We Trust' എന്ന അമേരിക്കയുടെ ദേശീയ മുദ്രാവാക്യവും ഇരുവശങ്ങളിലും രണ്ട് നക്ഷത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നാണയത്തിന്റെ മറുവശത്ത് ചിറകുവിരിച്ച കഴുകന്റെ രൂപമാണ് നൽകിയിരിക്കുന്നത്. ഒരു കാലിൽ ഒലിവ് ശാഖയും മറ്റേ കാലിൽ അമ്പുകളും പിടിച്ചിരിക്കുന്ന കഴുകന്റെ മധ്യഭാഗത്തെ ഷീൽഡിൽ 250 എന്ന സംഖ്യ രേഖപ്പെടുത്തിയിട്ടുണ്ട്. അരികുകളിലായി 'United States of America', 'One Dollar' എന്നീ വാചകങ്ങളും മുകളിൽ 'E Pluribus Unum' (പലരിൽ നിന്ന് ഒന്ന്) എന്ന ലാറ്റിൻ മുദ്രാവാക്യവും ആലേഖനം ചെയ്തിരിക്കുന്നു.

നാണയം എപ്പോൾ വിപണിയിലെത്തുമെന്നോ എത്ര എണ്ണം നിർമ്മിക്കുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. നാണയത്തിന്റെ ലോഹഘടന, സാധാരണ പ്രചാരത്തിലുള്ള നാണയമായി ഉപയോഗിക്കുമോയെന്നത്, ശേഖരിക്കുന്നവർക്കായി മാത്രമാണോയെന്നത് തുടങ്ങിയ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
 

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് വിവിധ സ്മാരക നാണയങ്ങളും മെഡലുകളും യു.എസ്. മിന്റ് പുറത്തിറക്കുന്നുണ്ട്. ഈ മാസം ആദ്യം അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി വൃത്താകൃതിയല്ലാത്ത ലിബർട്ടി ബെൽ ആകൃതിയിലുള്ള സ്വർണ-വെള്ളി നാണയങ്ങളും സ്മാരക മെഡലുകളും പുറത്തിറക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക