
അത്യുജ്വല പ്രകടനത്തിൽ ഇംഗ്ലണ്ടിനെ 2-1നു തകർത്തു അർജന്റീന ഫിഫ വേൾഡ് കപ്പ് 2026ന്റെ ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ രണ്ടാം കിരീട നേട്ടത്തിനു ഞായറാഴ്ച്ച രാത്രി അവർ സ്‌പെയ്‌നിനെ നേരിടും.
കഴിഞ്ഞ മത്സരങ്ങളിലെ പോലെ അവസാന നിമിഷങ്ങൾ വരെ പിന്നിൽ നിന്ന ശേഷമാണു അമ്പരപ്പിക്കുന്ന തിരിച്ചു വരവിൽ ലയണൽ മെസിയുടെ അർജന്റീന അറ്റ്ലാന്റ സ്റ്റേഡിയത്തിൽ മിന്നൽ വിജയം കൊയ്തത്. 55ആം മിനിറ്റിൽ ആന്തണി ഗോർഡൻ അടിച്ചു കയറ്റിയ ഗോളിൽ ഫൈനൽ പ്രവേശം ഉറപ്പായെന്നു കരുതിയ ഇംഗ്ലണ്ടിനു 30 മിനിറ്റ് പിടിച്ചു നിൽക്കാൻ കഴിഞ്ഞു.
പക്ഷേ 85ആം മിനിട്ടിൽ അവരെ അർജന്റീന ഞെട്ടിച്ചു. എൻസോ ഫെർണാണ്ടസിന്റെ മിന്നൽ ഗോളിൽ അർജന്റീനയുടെ സിരകളിൽ തീയാളി. പിന്നീട് വിജയ ഗോളിലേക്കുള്ള ദൂരം 7 മിനിറ്റായിരുന്നു. ലൊറേറ്റോ മാർട്ടിനെസിന്റെ ഇടിമുഴക്കമായ ഗോളിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ തകർന്നു.
ഗോളടിച്ച ശേഷം കനത്ത പ്രതിരോധം തീർത്ത ഇംഗ്ലണ്ടിനു ഗോളി ജോർദാൻ പിക്‌ഫോർഡ് ഉറച്ച കോട്ടയായിരുന്നു. ആ ഉരുക്കു കോട്ട തകർത്ത തന്ത്രങ്ങൾ മെനയുന്നതിലാണ് അര്ജന്റീന വിജയം കണ്ടത്. ഇടതടവില്ലാതെ ഗോൾ മുഖത്തേക്കു നിറയൊഴിച്ചു അവർ ഇംഗ്ലീഷ് പ്രതിരോധത്തെ തളർത്തി.
മെസിയെ തളച്ചിടാനുള്ള ഇംഗ്ലീഷ് ശ്രമങ്ങളും വെറുതെയായി. നാലു പേർ വളഞ്ഞാൽ പന്തു മറ്റൊരാൾക്കു കൈമാറി മെസി മുന്നേറിയപ്പോൾ ഇംഗ്ലീഷ് തന്ത്രങ്ങൾ പൊളിച്ചു അർജന്റീന ലക്‌ഷ്യം കണ്ടു.
92ആം മിനിറ്റിൽ മെസി മാര്ടിനസിനു കൈമാറിയ പന്ത് എങ്ങിനെ വലയിലെത്തി എന്നു ഇംഗ്ലണ്ട് കളിക്കാർ അന്തം വിട്ടു നിൽക്കെ വിജയഗോളിന്റെ ആഘോഷം അണപൊട്ടി.
1966നു ശേഷം ആദ്യമായി ഫൈനലിൽ എത്താമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷ പാളിയപ്പോൾ സ്‌പെയിനിലെ ചുണക്കുട്ടികൾക്കു വഴങ്ങാതെ കപ്പ് വീണ്ടും കൈയ്യിൽ ഒതുക്കാൻ അർജന്റീന ഒരുക്കം തുടങ്ങി.
ശനിയാഴ്ച്ച ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ മൂന്നാം സ്ഥാനത്തിനു മത്സരിക്കുന്നു.
Argentina crush England, to face Spain in the final