
ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇറാൻ തടഞ്ഞതിനെ തുടർന്നു യുഎസ് വീണ്ടും ആക്രമണം നടത്തുകയും മറുപടിയായി ഇറാൻ അറേബ്യൻ ഗൾഫ് രാജ്യങ്ങൾ ആക്രമിക്കയും ചെയ്തതോടെ എണ്ണ വില വീണ്ടും വർധിച്ചു. യുദ്ധവിരാമത്തെ തുടർന്ന് ക്രൂഡ് ഓയിലിനു വില കുറഞ്ഞു $70.14 വരെ എത്തിയെങ്കിലും ഇപ്പോൾ ബ്രെന്റ് ക്രൂഡിന് 3.3% വർധിച്ചു ബാരലിനു $78.50 ആയി. യുഎസ് ക്രൂഡ് ആവട്ടെ 3.4% ഉയർന്നു $73.83 എത്തി.
ദക്ഷിണ ഇറാനിൽ യുഎസ് വീണ്ടും ആക്രമണം നടത്തിയതായി സെന്റ്കോം അറിയിച്ചു. ഹോർമുസിൽ ഗതാഗതം സുഗമമാണ് എന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.
ബന്ദർ അബ്ബാസ്, സിറിക്, ജാസ്ക് എന്നീ തുറമുഖ നഗരങ്ങൾ യുഎസ് ആക്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ പറഞ്ഞു. ഖാഷേം ദ്വീപിലും ആക്രമണത്തിൽ സ്ഫോടനങ്ങൾ ഉണ്ടായി.
ഖൂസിസ്താൻ, ഹോർമോസ്ഗാൻ, സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യകളിൽ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടായി. ഈ മേഖലകളിൽ ഹോർമുസിൽ നിരീക്ഷണം നടത്തുന്ന റഡാറുകൾ ഇറാൻ സ്ഥാപിച്ചിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളുമുണ്ട്.
ഇറാൻ വിദേശകാര്യ വകുപ്പ് യുഎസ് ആക്രമണങ്ങളെ അപലപിച്ചു. ഹോർമുസ് വിഷയം മേഖല പങ്കിടുന്ന ഒമാനുമായി ഇറാൻ ചർച്ച ചെയ്യുമ്പോഴാണ് യുഎസ് ആക്രമണം നടത്തിയതെന്ന് അവർ ആരോപിച്ചു. ഒമാന്റെ മേൽ സമ്മർദം ചെലുത്താനാണ് അവർ ശ്രമിക്കുന്നത്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഒമാൻ മന്ത്രി ബദർ അൽബുസൈദിയുമായി നടത്തിയ ചർച്ചയിൽ ഹോർമുസിൽ ഒമാന്റെ ജലാതിർത്തിക്കുളിൽ ഒരു കപ്പൽ പാതയും ഇറാന്റെ നിയന്ത്രണത്തിൽ മറ്റൊന്നും എന്ന നിർദേശം ചർച്ച ചെയ്തതായി 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു.