Image

ഖത്തറിൽ അറസ്റ്റിലായ ഗാർലൻഡ് സ്വദേശി ടെക്സസിൽ; ഫെഡറൽ കുറ്റപത്രം നേരിടും

പ്രസാദ് തീയാടിക്കൽ Published on 13 July, 2026
ഖത്തറിൽ അറസ്റ്റിലായ ഗാർലൻഡ് സ്വദേശി ടെക്സസിൽ; ഫെഡറൽ കുറ്റപത്രം നേരിടും

ഓസ്റ്റിൻ: ഉത്തര ടെക്സസിൽ കോടിക്കണക്കിന് ഡോളറിന്റെ മൊബൈൽ ഫോൺ കടത്ത്, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വൻ ഗൂഢാലോചന കേസിൽ പ്രതിയായ ഗാർലൻഡ് സ്വദേശി അബ്ദുല്ല അൻവറിനെ (28) ഖത്തർ യുഎസിനു  കൈമാറി. വെള്ളിയാഴ്ച ടെക്സസിലെത്തിച്ച പ്രതി കൊളിൻ കൗണ്ടി ജയിലിൽ ഫെഡറൽ കസ്റ്റഡിയിലാണ്.

അമേരിക്കൻ ഫെഡറൽ പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, വിചാരണയ്ക്കായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അൻവർ അമേരിക്ക വിട്ട് പാക്കിസ്ഥാനിലേക്ക് കടന്നതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഖത്തറിൽ ഇയാളെ അറസ്റ്റ് ചെയ്തത്. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇടപെട്ടാണ് പ്രതിയെ യുഎസിനു കൈമാറിയത്.

2021-ൽ ആരംഭിച്ച “Operation Cash Out” എന്ന ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായാണ് അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ആദ്യം 101 പ്രതികളുണ്ടായിരുന്ന കേസിൽ പിന്നീട് പ്രതികളുടെ എണ്ണം 112 ആയി ഉയർന്നു.

സംഘടനയിലെ അംഗങ്ങൾ മോഷണം, ആൾമാറാട്ടം, തട്ടിപ്പ്, സായുധ കവർച്ചകൾ എന്നിവ വഴി സ്വന്തമാക്കിയ മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിദേശത്തേക്ക് കടത്തി വിറ്റതായി അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു.

2021-ലെ കുറ്റപത്രമനുസരിച്ച്, ഡാലസ്, ഗാർലൻഡ്, ഫോർട്ട് വർത്ത്, ആർലിംഗ്ടൺ ഉൾപ്പെടെയുള്ള നഗരങ്ങളിലെ AT&T, T-Mobile, Verizon സ്റ്റോറുകളിൽ നടന്ന 23 സായുധ കവർച്ചകളുമായി ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാൽ അബ്ദുല്ല അൻവർ ആ കവർച്ചകളിൽ നേരിട്ട് പങ്കെടുത്തതായി നിലവിലെ കുറ്റപത്രത്തിൽ ആരോപിച്ചിട്ടില്ല.

ഫെഡറൽ അന്വേഷണ പ്രകാരം, ഈ ശൃംഖല വിദേശ ഇറക്കുമതിക്കാർക്ക് ഏകദേശം 100 മില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ വിറ്റതായും, 20,000-ത്തിലധികം ഉപകരണങ്ങൾ തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയതായും, 42 മില്യൺ ഡോളറിലധികം നഷ്ടം വരുത്തിയതായും ആരോപിക്കുന്നു.

അതേസമയം, ഈ പണം വെളുപ്പിക്കൽ ശൃംഖലയുമായി ബന്ധപ്പെട്ട മൊത്തം സാമ്പത്തിക നഷ്ടം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ബില്യൺ ഡോളറിലധികം ആണെന്ന്  എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ  വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എങ്ങനെ കണക്കാക്കിയെന്നതും അതിൽ അബ്ദുല്ല അൻവറിന് നേരിട്ട് ബാധകമായ വിഹിതം എത്രയാണെന്നതും അധികൃതർ വ്യക്തമാക്കിയിട്ടില്ല.

കേസിന്റെ വിചാരണ തുടരുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും, കോടതി കുറ്റം തെളിയിക്കുന്നതുവരെ അബ്ദുല്ല അൻവർ നിയമപരമായി നിരപരാധിയാണെന്നതാണ് അമേരിക്കൻ നിയമത്തിന്റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക