
ഏതെങ്കിലും വിദേശ രാജ്യത്തിൻറെ പൗരത്വമോ പാസ്പോർട്ടോ ലഭിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം സ്വാഭാവികമായും നഷ്ടമാകുമെന്നു ബ്യുറോ ഓഫ് ഇമിഗ്രെഷൻ (ബി ഓ ഐ) എക്സിൽ വ്യക്തമാക്കി. ഇന്ത്യയിൽ ആയിരിക്കെ വിദേശ പൗരത്വം നേടിയാൽ കൈക്കൊള്ളേണ്ട നടപടികളും അവർ വിശദീകരിച്ചു.
ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമ്പോൾ ഇന്ത്യക്കാർ അവർക്കു രാജ്യം നൽകിയ തിരിച്ചറിയൽ രേഖകൾ അടിയറ വയ്ക്കണമെന്ന് ബി ഓ ഐ പറഞ്ഞു. പാസ്പോർട്ട്, വോട്ടർ ഐ ഡി, റേഷൻ കാർഡ് തുടങ്ങിയ എല്ലാ രേഖകളും അതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലേക്കു വരേണ്ടവർ പുതിയ ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കണം. അതിനു indianfrro.gov.in എന്ന പോർട്ടലിൽ e-FRROയിൽ 'Issue of New Visa' സേവനം പ്രയോജനപ്പെടുത്താം.
വിദേശ പൗരത്വം ലഭിച്ചു 30 ദിവസത്തിനകം ഈ അപേക്ഷ നൽകണം. വിദേശ പൗരത്വം നേടുന്ന ഇന്ത്യക്കാർക്ക് വിസ, റജിസ്ട്രേഷൻ തുടങ്ങി ഇമിഗ്രെഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സേവനം നൽകുന്ന ഏക പോർട്ടലാണ് e-FRRO.
ഇന്ത്യയിൽ ആയിരിക്കുന്ന സമയത്തു വിദേശ പൗരത്വം ലഭിക്കുന്നവർക്ക് ഇതു പ്രത്യേകിച്ചും ബാധകമാണ്. രേഖകൾ അടിയറ വയ്ക്കുന്നതും വിസയ്ക്ക് അപേക്ഷിക്കുന്നതും അവർ ഇന്ത്യയിൽ തന്നെ ചെയ്യണം.
മുപ്പതു ദിവസത്തെ കാലാവധി കഴിഞ്ഞും ഈ നടപടിക്രമങ്ങൾ പൂർത്തിയാകാതെ തുടരുന്നവരെ നിയമാനുസൃത ഇമിഗ്രെഷൻ അനുമതി ഇല്ലാതെ രാജ്യത്തു കഴിയുന്നവരായി കണക്കാക്കും. അത് നിയമപരമായ പ്രശ്നങ്ങൾക്കു വഴിവയ്ക്കും.
ഇന്ത്യൻ പൗരത്വം നൽകുന്നതും അതിൽ നിന്ന് ഒഴിവാക്കുന്നതും പൗരത്വ നിയമം അനുസരിച്ചാണെന്നു ബി ഓ ഐ ചൂണ്ടിക്കാട്ടി. വിദേശകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യുറോയാണിത്.
BOI details process after foreign citizenship is acquired in India