Image

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതായി ആരോപണം; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Published on 08 July, 2026
യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതായി ആരോപണം; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന‍്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ‍്യപേപ്പർ ചോർന്നതായി പരാതി. പരീക്ഷയ്ക്ക് മുൻപ് തന്നെ സോഷ‍്യോളജിയുടെ ചോദ‍്യപേപ്പർ സോഷ‍്യൽ മീഡിയയിൽ പിഡിഎഫ് രൂപത്തിൽ പ്രത‍്യക്ഷപ്പെട്ടുവെന്നാണ് വിദ‍്യാർഥികൾ ആരോപിക്കുന്നത്. എന്നാൽ ചോദ‍്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് എൻടിഎ പറയുന്നത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.

 നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ഉണ്ടായ ഈ സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയ്ക്ക് മുൻപ് 100 പേജുള്ള പിഡിഎഫ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതായും, ഇതിലെ 90 ശതമാനത്തിലധികം ചോദ്യങ്ങളും യഥാർഥ പരീക്ഷയിൽ ആവർത്തിച്ചതായും രാഹുൽ ചൂണ്ടിക്കാട്ടി. ബിഹാർ, യുപി, ഹരിയാണ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഈ ചോദ്യപേപ്പർ 2.25 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും വരാനിരിക്കുന്ന മറ്റ് മത്സരപ്പരീക്ഷകളുടെ ചോദ്യപേപ്പറുകളും ഇതേ ശൃംഘല വിൽക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 പ്രധാനമന്ത്രിയിൽ നിന്നോ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നോ നീതി പ്രതീക്ഷിക്കുന്നത് വ്യർഥമാണെന്നും, വിദ്യാർഥികളുടെ കൂട്ടായ ശബ്ദത്തിലൂടെ മാത്രമേ രാജ്യത്ത് മാറ്റം കൊണ്ടുവരാൻ സാധിക്കൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക