Image

ലിഫ്റ്റിൽ തല കുടുങ്ങി ; പത്തനംതിട്ടയിൽ ശാരീരിക പരിമിതിയുള്ള വയോധികന് ദാരുണാന്ത്യം

Published on 08 July, 2026
ലിഫ്റ്റിൽ തല കുടുങ്ങി ; പത്തനംതിട്ടയിൽ ശാരീരിക പരിമിതിയുള്ള വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട: ജില്ലയിലെ കടമ്മനിട്ടയിൽ വീടിന് പുറത്ത് സ്ഥാപിച്ച ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിയും കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരനുമായ മാത്തുക്കുട്ടി (75) ആണ് ദാരുണമായി മരണപ്പെട്ടത്. കറന്റ് പോയതിനെത്തുടർന്ന് ലിഫ്റ്റ് വഴിയിൽ കുടുങ്ങിയപ്പോൾ ഇദ്ദേഹം തല പുറത്തേക്കിട്ടതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​റോഡിൽ നിന്നും ഏറെ താഴ്ചയിലാണ് മാത്തുക്കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ശാരീരിക പരിമിതിയുള്ള ഇദ്ദേഹത്തിന് റോഡിലേക്ക് എളുപ്പത്തിൽ കയറിവരുന്നതിന് വേണ്ടിയാണ് വീട്ടുകാർ പ്രത്യേകമായി ലിഫ്റ്റ് സൗകര്യം ഒരുക്കിയത്. സാധാരണ കെട്ടിടങ്ങളിൽ കാണുന്ന അടച്ചുറപ്പുള്ള ലിഫ്റ്റുകൾക്ക് പകരം, വീടിന് പുറത്ത് ഇരുമ്പ് സ്ക്വയർ പൈപ്പുകളും മറ്റും ഉപയോഗിച്ച് പ്രാദേശികമായി നിർമ്മിച്ച ഓപ്പൺ ലിഫ്റ്റായിരുന്നു ഇത്. കറന്റ് കട്ടായതോടെ ലിഫ്റ്റ് നിലയ്ക്കുകയും, ഈ സമയം ഇരുമ്പ് പൈപ്പുകൾക്കിടയിലൂടെ തല പുറത്തേക്ക് നീക്കാൻ ശ്രമിച്ചപ്പോൾ അതിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

​അപകടം നടക്കുമ്പോൾ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മക്കൾ വിദേശത്താണ്. സംഭവത്തിൽ പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ലിഫ്റ്റിന്റെ നിർമാണത്തിലോ പ്രവർത്തനത്തിലോ ഉണ്ടായ സാങ്കേതിക തകരാറുകളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക