
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനാംഗങ്ങളുടെ പരമ്പരാഗത പച്ച യൂണിഫോം മാറ്റി പകരം കാവി നിറത്തോട് സാമ്യമുള്ള പുത്തൻ കോട്ടുകൾ വിതരണം ചെയ്തതിനെച്ചൊല്ലി വിവാദം പുകയുന്നു. ബി.ജെ.പി ഭരണത്തിന് കീഴിലുള്ള തിരുവനന്തപുരം കോർപ്പറേഷന്റേതാണ് ഈ അപ്രതീക്ഷിത നടപടി. രാത്രികാലങ്ങളിലടക്കം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകാശ പ്രതിഫലനം (റിഫ്ലെക്ഷൻ) വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്ന് മേയർ വി.വി. രാജേഷ് വിശദീകരിക്കുമ്പോൾ, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിറംമാറ്റമാണിതെന്ന ആക്ഷേപമാണ് ഇതിനകം ഉയർന്നിട്ടുള്ളത്.
2017-ൽ ഹരിതകേരളം മിഷന്റെ ഭാഗമായി ഹരിതകർമസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. വർഷങ്ങളായി പൊതുജനങ്ങൾ ഈ നിറത്തിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞിരുന്നതും. പുതിയ കിറ്റിൽ കാവി നിറത്തിലുള്ള കോട്ടിനൊപ്പം മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, കൈയുറകൾ, റെയിൻകോട്ട് എന്നിവയാണ് കോർപ്പറേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. നിറത്തിലെ വിയോജിപ്പ് കാരണം ആദ്യം ജീവനക്കാർ ഇത് കൈപ്പറ്റാൻ മടിച്ചെങ്കിലും മേലധികാരികളുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഒടുവിൽ വാങ്ങുകയായിരുന്നു. വേഷം ധരിക്കാൻ മനസ്സില്ലാത്ത പലരും ഇത് ബാഗിൽ തന്നെ സൂക്ഷിക്കുമ്പോൾ മറ്റ് ചിലർ പുതിയ യൂണിഫോമിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.
വിഷയം കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറിയതോടെ പ്രതികരണവുമായി മേയർ വി.വി. രാജേഷ് തന്നെ രംഗത്തെത്തി. സുരക്ഷ മുൻനിർത്തി മാത്രമാണ് റിഫ്ലെക്ഷൻ കൂടുതലുള്ള ഈ നിറം തിരഞ്ഞെടുത്തതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിതകർമസേനയുടെ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ നൽകിയ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ മാറ്റമെന്നും മേയർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.