Image

മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ച് 'ഓപ്പറേഷൻ തൂഫാൻ' ഉദ്യോഗസ്ഥർ ; പത്തനംതിട്ടയിൽ മൂന്ന് സി.പി.ഒമാർക്ക് സസ്പെൻഷൻ

Published on 08 July, 2026
മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ച് 'ഓപ്പറേഷൻ തൂഫാൻ' ഉദ്യോഗസ്ഥർ ; പത്തനംതിട്ടയിൽ മൂന്ന് സി.പി.ഒമാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡായ 'ഡാൻസാഫ്' (DANSAF) അംഗങ്ങൾ മദ്യപിച്ച് കസ്റ്റഡി വാഹനവുമായി പൊതുറോഡിൽ അക്രമം കാണിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടിയന്തര നടപടിയെടുത്തത്. ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തന്നെ മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ചത് പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് അർദ്ധരാത്രിയോടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

​ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ പത്തനംതിട്ട എസ്.പി ഓഫീസിന് തൊട്ടടുത്തുവെച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡാൻസാഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കസ്റ്റഡി ജീപ്പ് അമിതവേഗതയിലും അപകടകരമായ രീതിയിലുമാണ് പാഞ്ഞത്. വാഹനം നിയന്ത്രണം വിട്ടതോടെ അപകടം ഭയന്ന നാട്ടുകാർ സംഘടിച്ച് ജീപ്പ് തടയുകയായിരുന്നു. നാട്ടുകാർ തടിച്ചുകൂടുകയും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങുകയും ചെയ്തതോടെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ ജനക്കൂട്ടത്തെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.

​എന്നാൽ, ജീപ്പ് ഓടിച്ചിരുന്ന സിവിൽ പൊലീസ് ഓഫീസർ പ്രിയേഷ് എം.-നെ ഓടി രക്ഷപ്പെടാൻ അനുവദിക്കാതെ നാട്ടുകാർ തടഞ്ഞുവെച്ച് പത്തനംതിട്ട പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് പൊതുവഴിയിൽ അപകടകരമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ കള്ളുകുടിച്ചിരുന്നതായി സ്ഥിരീകരിച്ചു. ലഹരി വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട പ്രത്യേക സ്ക്വാഡ് തന്നെ ഗുരുതരമായ നിയമലംഘനം നടത്തിയത് ഡിപ്പാർട്ട്മെന്റിന് വലിയ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ മണിക്കൂറുകൾക്കകം സസ്പെൻഷൻ നടപടി പൂർത്തിയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക