
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനുമായി (പി.എസ്.സി) ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കെ.എ.എസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ, ഇന്റർവ്യൂവിൽ മാർക്ക് കൂട്ടിക്കൊടുത്തു എന്നതടക്കമുള്ള ആക്ഷേപങ്ങൾ എന്നിവയെല്ലാം വിശദമായിത്തന്നെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരാതികളുടെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കണമോ എന്ന കാര്യം ആഭ്യന്തരവകുപ്പ് തീരുമാനിക്കും. ഇത് ആഭ്യന്തരവകുപ്പിന്റെ വിവേചനാധികാരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷാ ചോദ്യങ്ങൾ തയ്യാറാക്കുന്നത്, മൂല്യനിർണ്ണയം, കെ.എ.എസ് പരീക്ഷാ നടത്തിപ്പ് തുടങ്ങി പി.എസ്.സിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളാണ് സർക്കാരിന് മുന്നിലെത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ സ്ഥാപനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശക്തമായ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താതെ ഒരു തീരുമാനത്തിലെത്താൻ സാധ്യമല്ലെന്നും ഉയർന്നുവന്ന പരാതികൾ അന്വേഷിക്കാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.എസ്.സി പോലൊരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ സർക്കാർ ഒട്ടും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകി.