Image

അര്‍ഹതപ്പെട്ട പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല; പടിയിറങ്ങുമ്പോള്‍ രാഷ്ട്രീയക്കളി വെളിപ്പെടുത്തി വി.എ അരുണ്‍കുമാര്‍

Published on 08 July, 2026
അര്‍ഹതപ്പെട്ട പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല; പടിയിറങ്ങുമ്പോള്‍ രാഷ്ട്രീയക്കളി വെളിപ്പെടുത്തി വി.എ അരുണ്‍കുമാര്‍

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിന് പിന്നാലെ, സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാർ. തന്റെ 32 വർഷത്തെ നീണ്ട സർവീസിനിടയിൽ അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. പ്രിൻസിപ്പൽ, അഡീഷണൽ ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ ഇക്കാലയളവിൽ താൻ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും രാഷ്ട്രീയ കാരണങ്ങളാൽ അർഹമായ അംഗീകാരം നിഷേധിക്കപ്പെടുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

​അഡീഷണൽ ഡയറക്ടർ പദവി വരെയുള്ള പ്രമോഷനുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടർ നിയമനം പൂർണ്ണമായും സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും വില്ലനായതെന്ന് അരുൺകുമാർ ആരോപിച്ചു. അർഹതപ്പെട്ട അംഗീകാരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമം തനിക്കുമുണ്ട്. എങ്കിലും ഐ.എച്ച്.ആർ.ഡി എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും, കൃത്യമായ ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യത്തോടെയാണ് താൻ പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഇ.കെ നായനാർ സർക്കാരിന്റെ കാലത്താണ് അരുൺകുമാർ ആദ്യമായി ഐ.എച്ച്.ആർ.ഡി അസിസ്റ്റന്റ് ഡയറക്ടറായി നിയമിക്കപ്പെടുന്നത്. നീണ്ട വർഷത്തെ സേവനത്തിന് ശേഷം നിലവിലെ യു.ഡി.എഫ് സർക്കാർ അരുൺകുമാറിനെ പദവിയിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പലായ എം.വി. രാജേഷിനെയാണ് സ്ഥാപനത്തിന്റെ പുതിയ ഡയറക്ടറായി സർക്കാർ ഇപ്പോൾ നിയമിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക