
കൊല്‍ക്കത്ത: ബംഗാളിലെ ബറൂയിപ്പുരില്‍ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു.
പുലര്‍ച്ചെ 12:45 ഓടെയാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പിന് പുറപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപുരില്‍ വെച്ച് കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്‌കരിക്കുന്നതിനായാണ് ഇയാളെ കൊണ്ടുപോയത്. എന്നാല്‍ തെളിവെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാസ് മൊണ്ടാല്‍ അപ്രതീക്ഷിതമായി പോലീസിന്റെ പക്കല്‍ നിന്ന് തോക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.