
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സിപിഎം നേതാക്കളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതിനു ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കുന്നത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി വി. ജോയി എംഎല്‍എ, സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ എന്നിവരുടെ ഫോണ്‍ കോളുകളാണു മ്യൂസിയം സിഐ ആര്‍. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിക്കുക. രണ്ട് എംഎല്‍എമാരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പോലീസ് ആഭ്യന്തര വകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടും.
മേയ് 27ന് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലേക്കെത്തുന്നത്. റെയ്ഡ് നടക്കുമ്പോള്‍ എം.വി. ഗോവിന്ദനും രണ്ട് എംഎല്‍എമാരും പിണറായി വിജയന്റെ വീട്ടുവളപ്പിലുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ജോണ്‍ ബ്രിട്ടാസ് എംപി, വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും സംഭവസ്ഥലത്തു നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു.
മുതിര്‍ന്ന നേതാക്കളില്‍നിന്ന് ആഹ്വാനം ലഭിക്കാതെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂറോളം പ്രവര്‍ത്തകര്‍ അക്രമാസക്തരായി അവിടെയെത്തില്ലെന്നാണു പോലീസിന്റെ വിലയിരുത്തല്‍. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥരോടു വൈരാഗ്യമില്ലെന്നും അതിനാല്‍ അന്വേഷണം സിപിഎം നേതാക്കളിലേക്കു വ്യാപിപ്പിക്കണമെന്നുമാണ് ഇഡിയുടെയും നിലപാട്.