
ഫിഫ ലോകകപ്പ് 2026 ന്റെ പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ തകർപ്പൻ പോരാട്ടത്തിൽ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (3-2) അർജന്റീനയുടെ വിജയം. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 2-0 ന് പിന്നിലായിരുന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയമായ ഈ തിരിച്ചുവരവ്.
78 മിനുട്ടുവരെ ഈജിപ്ത് രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നിരുന്നു. എന്നാൽ പിന്നീട് ചാമ്പ്യന്മാരുടെ കളി കളിച്ച് അർജന്റീന നടത്തിയ അത്ഭുത കുതിപ്പിനൊടുവിൽ ത്രില്ലിങ് ജയം നേടിയെടുക്കുകയായിരുന്നു. ക്വാർട്ടർ ഈജിപ്ത് സ്വപ്നം കണ്ടിരുന്നെങ്കിലും അവസാന സമയത്ത് കളി കെെവിടുകയായിരുന്നു.
മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ ഈജിപ്താണ് മുന്നിലെത്തിയത്. മർവാൻ ആറ്റിയയുടെ അസിസ്റ്റിലായിരുന്നു ഈ ഗോൾ പിറന്നത്. തുടർന്ന് ഇരുപത്തിയൊന്നാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ലയണൽ മെസ്സിയുടെ കിക്ക് ഈജിപ്ത് ഗോൾകീപ്പർ തടഞ്ഞു. ആദ്യപകുതിയിൽ ഈജിപ്ത് ഒന്നിന് പൂജ്യത്തിന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ മൊസ്തഫ സിക്കോയിലൂടെ ഈജിപ്ത് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഹൈസം ഹസ്സൻ ആണ് ഈ ഗോളിന് വഴിയൊരുക്കിയത്. എന്നാൽ എഴുപത്തിയൊമ്പതാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടി.
എൺപത്തിമൂന്നാം മിനിറ്റിൽ ഗോൺസാലോ മോണ്ടിയേലിന്റെ പാസിൽ നിന്നും ലയണൽ മെസ്സി അർജന്റീനയ്ക്കായി സമനില ഗോൾ കണ്ടെത്തി. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ തൊണ്ണൂറ്റിയൊന്നാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടി. ലിസാൻഡ്രോ മാർട്ടിനെസ് ആണ് ഈ ഗോളിന് അസിസ്റ്റ് ചെയ്തത്.