Image

തോൽക്കാൻ മനസ്സില്ലാത്ത ഇതിഹാസം

Published on 05 July, 2026
തോൽക്കാൻ മനസ്സില്ലാത്ത ഇതിഹാസം

        ലയണൽ ആന്ദ്രേസ് മെസ്സി എന്ന ലിയോ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രവും ദശലക്ഷക്കണക്കിന് ഫുട്‍ബോൾ പ്രേമികളുടെ പ്രിയപ്പെട്ട താരവുമാണ്. അർജന്റീനയിലെ റൊസാരിയോ എന്ന ചെറിയ നഗരത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മെസ്സി, കഠിനാധ്വാനം കൊണ്ടും ദൈവികമായ കഴിവ് കൊണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിച്ചേർന്നു.

ചെറുപ്പകാലത്ത് തന്നെ പന്തിനോട് വല്ലാത്തൊരു കൂട്ടുകൂടിയ മെസ്സിയുടെ ജീവിതം അത്ര എളുപ്പമുള്ളതായിരുന്നില്ല. പതിനൊന്നാമത്തെ വയസ്സിൽ ശരീരവളർച്ചയെ ബാധിക്കുന്ന ഒരു ഗുരുതരമായ രോഗം അദ്ദേഹത്തെ ബാധിച്ചു. വളരെ ചിലവേറിയതായിരുന്നു അതിന്റെ ചികിത്സ. ഒരു സാധാരണ കുടുംബത്തിന് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. എന്നാൽ മെസ്സിയുടെ ഉള്ളിലെ അപാരമായ ഫുട്ബോൾ കഴിവ് തിരിച്ചറിഞ്ഞ സ്പെയിനിലെ പ്രശസ്തമായ ബാഴ്സലോണ ക്ലബ്ബ് അദ്ദേഹത്തെ തങ്ങളുടെ അക്കാദമിയിലേക്ക് ക്ഷണിക്കുകയും ചികിത്സാ ചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു. ഈ ഒരു തീരുമാനമാണ് ലോക ഫുട്ബോളിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചത്.

ബാഴ്സലോണയുടെ യൂത്ത് അക്കാദമിയായ 'ലാ മാസിയ'യിലൂടെ വളർന്ന മെസ്സി, വളരെ പെട്ടെന്ന് തന്നെ സീനിയർ ടീമിൽ ഇടംനേടി. കളിക്കളത്തിൽ ഇറങ്ങിയ മെസ്സി കാറ്റിന്റെ വേഗതയിലാണ് മുന്നേറിയത്. എതിരാളികളുടെ പ്രതിരോധ നിരയെ കാൽക്കരുത്ത് കൊണ്ടും അസാധ്യമായ ഡ്രിബ്ലിങ് കൺട്രോൾ കൊണ്ടും അദ്ദേഹം അമ്പരപ്പിച്ചു. കളിക്കളത്തിൽ സഹതാരങ്ങൾക്ക് പന്ത് കൃത്യമായി എത്തിച്ചു കൊടുക്കാനും മനോഹരമായ ഗോളുകൾ നേടാനും മെസ്സിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ബാഴ്സലോണ ക്ലബ്ബിനായി കളിച്ച വർഷങ്ങളിൽ അദ്ദേഹം നിരവധി ട്രോഫികളും റെക്കോർഡുകളും സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരന് നൽകുന്ന ബാലൺ ഡി ഓർ പുരസ്കാരം എട്ട് തവണ നേടി അദ്ദേഹം ചരിത്രം കുറിച്ചു. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്.

ബാഴ്സലോണയിലെ സുവർണ്ണ കരിയറിന് ശേഷം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെർമെയ്നിലേക്ക് മാറി. അവിടെ രണ്ട് തവണ ലീഗ് വൺ കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ പിന്നീട്, തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണ് അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസ്സി ചേക്കേറുന്നത്. മെസ്സിയുടെ വരവോടെ അമേരിക്കയിൽ ഫുട്ബോളിന് വലിയ ജനപ്രീതി ലഭിക്കുകയും, അതുവരെ ലീഗിൽ താഴെത്തട്ടിലായിരുന്ന ഇന്റർ മയാമി തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തു.

ക്ലബ്ബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയപ്പോഴും തന്റെ രാജ്യമായ അർജന്റീനയ്ക്ക് വേണ്ടി ഒരു വലിയ ട്രോഫി നേടാൻ കഴിയാത്തത് മെസ്സിയെ ഏറെ വിഷമിപ്പിച്ചിരുന്നു. പല ഫൈനലുകളിലും പരാജയപ്പെട്ടപ്പോൾ വിമർശകർ അദ്ദേഹത്തെ ഒരുപാട് കുറ്റപ്പെടുത്തി. കരിയറിലെ ഒരു ഘട്ടത്തിൽ കടുത്ത മാനസിക വിഷമം കാരണം അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ പോലും തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യത്തെ ജനങ്ങളുടെയും ആരാധകരുടെയും സ്നേഹവും പിന്തുണയും കണ്ട് അദ്ദേഹം തന്റെ തീരുമാനം മാറ്റി. കഠിനാധ്വാനവും ആത്മവിശ്വാസവും കൈവിടാതെ അദ്ദേഹം പോരാട്ടം തുടർന്നു. ഒടുവിൽ 2021-ൽ ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കിരീടവും, അതിനുശേഷം ലോകം കാത്തിരുന്ന 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ വിജയകിരീടത്തിലേക്ക് നയിക്കാനും മെസ്സിക്ക് സാധിച്ചു. ആ ലോകകപ്പ് വിജയം മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ അഥവാ 'ഗോട്ട്' (GOAT) എന്ന പദവിയിലേക്ക് ഉയർത്തി.

പ്രായം കൂടുന്തോറും തന്റെ കളിശൈലിയിൽ മാറ്റം വരുത്താനും മെസ്സിക്ക് സാധിച്ചു. ചെറുപ്പകാലത്ത് അതിവേഗത്തിൽ ഗോളുകൾ അടിച്ചുകൂട്ടിയിരുന്ന താരം, പിന്നീട് മികച്ചൊരു പ്ലേമേക്കറായി മാറി. കളിക്കളത്തിൽ എവിടെനിന്നും സഹതാരങ്ങൾക്ക് കൃത്യമായി പന്ത് പാസ് ചെയ്യാനും കളി നിയന്ത്രിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവും എടുത്തുപറയേണ്ടതാണ്. 900-ലധികം ഔദ്യോഗിക ഗോളുകളും നാനൂറിലധികം അസിസ്റ്റുകളുമായി ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമുള്ള കളിക്കാരനായി മെസ്സി മാറി.

കളിക്കളത്തിന് പുറത്ത് ലയണൽ മെസ്സി ഫൗണ്ടേഷൻ വഴി ലോകമെമ്പാടുമുള്ള ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി വലിയ തോതിൽ അദ്ദേഹം സഹായങ്ങൾ നൽകി വരുന്നുണ്ട്. യുണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡർ കൂടിയാണ് അദ്ദേഹം. തനിക്ക് ചെറുപ്പത്തിൽ ലഭിച്ചതുപോലെയുള്ള സഹായം ലോകത്തിലെ മറ്റ് കുട്ടികൾക്കും ലഭിക്കണം എന്ന ആഗ്രഹമാണ് ഇതിന് പിന്നിൽ. കളിയിലെ നേട്ടങ്ങൾക്കപ്പുറം മെസ്സിയുടെ വിനയവും ശാന്തമായ പെരുമാറ്റവുമാണ് അദ്ദേഹത്തെ കുട്ടികൾക്ക് പ്രിയങ്കരനാക്കുന്നത്. എത്ര വലിയ ഉയരങ്ങളിൽ എത്തിയാലും എളിമ കൈവിടരുതെന്നും, ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായാൽ കഠിനാധ്വാനം കൊണ്ട് അതിനെ മറികടക്കാമെന്നും മെസ്സിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി പോരാടാൻ ആഗ്രഹിക്കുന്ന ഏതൊരു കുട്ടിക്കും പ്രചോദനമേകുന്ന ഒരു വലിയ പാഠപുസ്തകമാണ് ലയണൽ മെസ്സി.

Join WhatsApp News
Sunil 2026-07-06 12:26:16
Looks like Messy and his team may not reach the finals.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക