Image

ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കി, 3000 ആളുകൾ വരെ മരണപ്പെട്ടേക്കാം; ആയത്തുള്ള അലി ഖമനെയിയുടെ സംസ്ക്കാര ചടങ്ങുകൾക്കൊപ്പം ഇറാൻ ഒരു ദുരന്തം മുൻകൂട്ടി കാണുന്നു

Published on 05 July, 2026
ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കി, 3000 ആളുകൾ വരെ  മരണപ്പെട്ടേക്കാം; ആയത്തുള്ള അലി ഖമനെയിയുടെ സംസ്ക്കാര ചടങ്ങുകൾക്കൊപ്പം ഇറാൻ ഒരു ദുരന്തം മുൻകൂട്ടി കാണുന്നു

ടെഹ്റാൻ: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്ര ചടങ്ങുകളിൽ 1500 മുതൽ 3000 വരെ ആളുകൾ മരണപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്. ജർമ്മൻ മാധ്യമമായ ‘ഡി വെൽറ്റ്’ ആണ് ഇറാന്‍റെ ഔദ്യോഗിക രഹസ്യരേഖകളെയും ടെഹ്റാനിലെ നഗരസഭാ വൃത്തങ്ങളെയും ഉദ്ധരിച്ച് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. വൻ ജനക്കൂട്ടം ഉണ്ടാക്കുന്ന അപകടങ്ങൾ നേരിടാൻ രാജ്യം അടിയന്തര മുൻകരുതലുകൾ എടുക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇറാനിയൻ റെഡ് ക്രസന്‍റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് റെസ ആരിഫിന് അയച്ച രഹസ്യ കത്തിലാണ് ഈ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

അപകടമുണ്ടായാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനും കാണാതാകുന്നവരെ കണ്ടെത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടെഹ്റാനിലെ ബെഹെഷ്ത്-ഇ സഹ്ര ഖബർസ്ഥാനിൽ ഇതിനോടകം തന്നെ ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കിയതായും ജീവനക്കാരനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ‘പുതിയ കല്ലറകൾ ഒരുക്കിയത് സത്യമാണ്. കടുത്ത ചൂടും വൻ ജനക്കൂട്ടവും കാരണം എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. 3000 മരണങ്ങൾ വരെ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ മുന്നൊരുക്കങ്ങൾ നടത്തുന്നത്,’- പേര് വെളിപ്പെടുത്താത്ത ഒരു നഗരസഭാ ജീവനക്കാരി ജർമ്മൻ മാധ്യമത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

ടെഹ്റാനിലെ ചടങ്ങുകൾക്ക് മാത്രം ഏകദേശം 135 കോടിയിലധികം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഖൊം, മഷ്ഹദ് നഗരങ്ങൾക്ക് 5 ദശലക്ഷം യൂറോ വീതവും മാറ്റിവെച്ചിരിക്കുന്നു. ഇറാഖിലെ നജാഫ്, കർബല ചടങ്ങുകൾ കൂടി ചേരുമ്പോൾ ആധുനിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംസ്കാര ചടങ്ങായി ഇത് മാറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക