Image

ആഗോള പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യ ഒരു സ്ഥാനം പിന്നോട്ട്; 125-ാം റാങ്ക്, ഒന്നാമത് സ്വീഡൻ

Published on 05 July, 2026
ആഗോള പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യ ഒരു സ്ഥാനം പിന്നോട്ട്; 125-ാം റാങ്ക്, ഒന്നാമത് സ്വീഡൻ

ന്യൂഡൽഹി: ആഗോള പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യയുടെ റാങ്ക് വീണ്ടും താഴോട്ട് പോയി. പുതിയ കണക്കുകൾ പ്രകാരം 125-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷങ്ങളിൽ റാങ്കിങ്ങിൽ നേരിയ മുന്നേറ്റം പ്രകടമാക്കിയിരുന്നെങ്കിലും ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടാൻ ഇത്തവണയും ഇന്ത്യക്ക് സാധിച്ചില്ല. 2021-2023 കാലയളവിൽ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, കഴിഞ്ഞ വർഷം 124-ാം സ്ഥാനത്തേക്ക് ഉയർന്നിരുന്നുവെങ്കിലും പുതിയ സൂചികയിൽ ഒരു സ്ഥാനം കൂടി നഷ്ടപ്പെടുകയായിരുന്നു. നിലവിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് ലോകത്തെ 26 രാജ്യങ്ങളിലേക്ക് മാത്രമാണ് മുൻകൂട്ടി വിസയില്ലാതെ നേരിട്ട് യാത്ര ചെയ്യാനാകുന്നത്. ഭൂട്ടാൻ, നേപ്പാൾ, ജമൈക്ക, മക്കാവു, പലസ്തീൻ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രയോ അല്ലെങ്കിൽ 'വിസ ഓൺ അറൈവൽ' സൗകര്യമോ ലഭ്യമാണെങ്കിലും അമേരിക്ക, യുകെ, ജർമ്മനി, ചൈന, യുഎഇ അടക്കമുള്ള 88 പ്രധാന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇപ്പോഴും മുൻകൂട്ടി വിസ നിർബന്ധമാണ്.

​പാസ്‌പോർട്ട് കരുത്തിൽ നമീബിയ, ഫിലിപ്പീൻസ്, മൊറോക്കോ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ മുന്നിലാണെങ്കിലും അസർബൈജാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളേക്കാൾ മികച്ച നിലയിലാണ് ഇന്ത്യയുടെ സ്ഥാനം. അയൽരാജ്യങ്ങളിൽ 104-ാം സ്ഥാനത്തുള്ള ചൈനയാണ് ഏറ്റവും മുന്നിൽ. എങ്കിലും ദക്ഷിണേഷ്യൻ മേഖലയിലെ മറ്റ് അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച റാങ്ക് നിലനിർത്തുന്നുണ്ട്. പട്ടികയിൽ നേപ്പാൾ 164-ാം സ്ഥാനത്തും ബംഗ്ലാദേശ് 166-ാം സ്ഥാനത്തുമാണ്. കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പാകിസ്ഥാൻ പട്ടികയുടെ ഏറ്റവും പിന്നിലായി 188-ാം സ്ഥാനത്താണ് തുടരുന്നത്.

​ആഗോള യാത്രാ സ്വാതന്ത്ര്യത്തിൽ ഇത്തവണയും യൂറോപ്യൻ രാജ്യങ്ങളാണ് തങ്ങളുടെ ആധിപത്യം നിലനിർത്തിയത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങൾ കയ്യടക്കിയപ്പോൾ സ്വീഡനാണ് പാസ്‌പോർട്ട് കരുത്തിൽ ലോകത്ത് ഒന്നാമതെത്തിയത്. സ്വിറ്റ്‌സർലൻഡ്, ഫിൻലൻഡ്, ജർമ്മനി എന്നിവ തൊട്ടടുത്ത സ്ഥാനങ്ങൾ സ്വന്തമാക്കി. ഡെന്മാർക്കും നെതർലൻഡ്സും സംയുക്തമായി അഞ്ചാം സ്ഥാനത്തുണ്ട്. അയർലൻഡ് (7), യുണൈറ്റഡ് കിംഗ്ഡം (8), നോർവേ (9), സിംഗപ്പൂർ (10) എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. അതേസമയം ലോക വൻശക്തികളായ അമേരിക്കയും ഫ്രാൻസും നേരിയ വ്യത്യാസത്തിൽ ആദ്യ പത്തിന് പുറത്തായി 11-ാം സ്ഥാനത്തും കാനഡ 13-ാം സ്ഥാനത്തുമാണ് എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക