
ടിബറ്റൻ ആക്ടിവിസ്റ്റ് ലോബ്‌ഗ് റാങ്സൺ യുഎൻ ആസ്ഥാനത്തിനു സമീപം തീ കൊളുത്തി മരിച്ചതു തന്റെ ഹൃദയം തകർത്തുവെന്നു ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി പറഞ്ഞു. ചൈന ടിബറ്റിൽ നടത്തുന്ന പീഡനങ്ങളിൽ മനം നൊന്താണ് ക്വീൻസിൽ യുബർ ഡ്രൈവറായ റാങ്സൺ (52) ജീവനൊടുക്കിയത്.
"ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ മറ്റൊരു വഴിയുമില്ലെന്നു ചിന്തിച്ചു അത്തരമൊരു കൈവിട്ട കളി ആരും നടത്താൻ പാടില്ല," മാംദാനി പറഞ്ഞു. "ന്യൂ യോർക്ക് എല്ലാ മനുഷ്യരുടെയും അന്തസിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു."
ടിബറ്റിൽ അധിനിവേശം നടത്തുന്ന ചൈനയിൽ നിന്നു ജന്മനാടിനു സ്വാതന്ത്ര്യം ലഭിക്കണം എന്ന ആറു മിനിറ്റ് നീളുന്ന ആഹ്വാനം റെക്കോർഡ് ചെയ്‌തു സോഷ്യൽ മീഡിയയിൽ കയറ്റിയ റാങ്സൺ ബുദ്ധസന്യാസിമാരുടെ വസ്ത്രം ധരിച്ചാണ് വ്യാഴാഴ്ച്ച വൈകിട്ട് ആറരയോടെ തെരുവിൽ തീ കൊളുത്തിയത്.
"ഞാൻ ഇങ്ങിനെയൊരു വലിയ കാര്യം ചെയ്യുന്നത് സ്വന്തം ആവശ്യത്തിനല്ല," റാങ്സൺ പറഞ്ഞു. "എനിക്കു കഴിക്കാനോ ധരിക്കാനോ ഒന്നും ഇല്ലാത്തതു കൊണ്ടല്ല, ഞാനിതു ചെയ്യുന്നത് ടിബറ്റൻ രാഷ്ട്രത്തിനു വേണ്ടിയാണ്."
മാംദാനി പറഞ്ഞു: "ഈ ദുരന്തത്തിൽ ഞങ്ങൾ വേദനിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും ടിബറ്റൻ സമൂഹത്തിനും അനുശോചനം അറിയിക്കുന്നു."
Mamdani left ‘heartbroken’ over Tibetan's self-immolation