Image

ജനാധിപത്യം സംരക്ഷിക്കാൻ സജീവമായി ഇടപെടണമെന്നു മുൻ പ്രസിഡന്റുമാർ (പിപിഎം)

Published on 05 July, 2026
ജനാധിപത്യം സംരക്ഷിക്കാൻ സജീവമായി ഇടപെടണമെന്നു മുൻ പ്രസിഡന്റുമാർ (പിപിഎം)

അമേരിക്കൻ ജനാധിപത്യത്തിനു പ്രതിരോധം തീർക്കാൻ രാജ്യത്തിൻറെ 250ആം വാർഷികത്തിൽ മുൻ പ്രസിഡന്റുമാർ ആഹ്വാനം ചെയ്തു. ഇരു രാഷ്ട്രീയ കക്ഷികളിലും പെട്ട നാലു പേരുടെ രാഷ്ട്രീയ വിലയിരുത്തലിൽ വൈവിധ്യം ഉണ്ടെങ്കിലും ജനാധിപത്യ മൂല്യങ്ങൾ നശിച്ചു പോകാതിരിക്കാൻ ജാഗ്രത പാലിക്കുക എന്ന ആഹ്വാനത്തിൽ അവർ ഒരേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.  

റിപ്പബ്ലിക്കൻ ജോർജ് ഡബ്ലിയു. ബുഷ്, ഡെമോക്രാറ്റുകളായ ബരാക്ക് ഒബാമ, ബിൽ ക്ലിന്റൺ, ജോ ബൈഡൻ എന്നിവർ ചൂണ്ടിക്കാട്ടിയത് സ്ഥാപക പിതാക്കന്മാർ സ്വപ്നം കണ്ട ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ  ജനജാഗ്രത അത്യാവശ്യമാണ് എന്നാണ്.  

ഒബാമ പറഞ്ഞു: "അമേരിക്ക നിരന്തരമായി തുടരുന്ന നിർമാണമാണ്. ഓരോ തലമുറയും മുൻ തലമുറ ബാക്കി വച്ച പണി തുടരണം. ശരിയെന്നു തോന്നുന്നത് സംരക്ഷിക്കണം, തെറ്റ് തിരുത്തണം, നമ്മുടെ യൂണിയനു പൂർണത കൈവരിക്കാൻ സഹായിക്കണം. അതാണ് എന്നത്തേയും അപേക്ഷിച്ചു പ്രധാനം."

ബൈഡനും അതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. "നമ്മുടെ ജനാധിപത്യത്തിന് ഉറപ്പൊന്നുമില്ല. നമ്മൾ അതിനു വേണ്ടി പൊരുതണം, സംരക്ഷിക്കണം, നേടണം. അതൊരു ഭാരമല്ല, അമേരിക്കൻ ആവുക എന്ന് പറഞ്ഞാൽ അതാണ്."

സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ആദർശങ്ങളിൽ നിന്നു യുഎസ് അകന്നു പോയിട്ടില്ലെന്നു ബൈഡൻ ചൂണ്ടിക്കാട്ടി. "ഒരിക്കലും അകന്നു പോവില്ലെന്നു നമ്മൾ ഉറപ്പാക്കണം."

തലമുറകൾ ഉയർത്തിപ്പിടിച്ച പൗരത്വ ഉത്തരവാദിത്തങ്ങളും സ്വാതന്ത്ര്യവും ആണ് ബുഷിന്റെ വിഷയങ്ങൾ. "അടുത്ത 250 വർഷം അമേരിക്കക്കാർ പൗരന്മാരാവണം, കാഴ്ചക്കാരായാൽ പോരാ. രാജ്യത്തിൻറെ ആരോഗ്യത്തിലും ക്ഷേമത്തിലും ജീവിക്കുന്ന സമൂഹങ്ങളിലും സജീവ താല്പര്യം എടുക്കണം."

വോട്ടിംഗ് ശക്തമായ അവകാശമാണെന്നു ബുഷ് ചൂണ്ടിക്കാട്ടി. ആരാധനാ സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം ഇവയൊക്കെ സംരക്ഷിക്കപ്പെടണം, സാമൂഹ്യ സേവനം മുടങ്ങരുത്.

ഏറ്റവും ശക്തമായ രാഷ്ട്രീയ സന്ദേശം നൽകിയത് ക്ലിന്റനാണ്. 250ആം വാർഷികം ആഘോഷിക്കുന്ന രാഷ്ട്രം അഗാധമായ ഭിന്നത നേരിടുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

"അമേരിക്കയുടെ ഭാവിയെ കുറിച്ചും ലോകത്തെ പങ്കാളിത്തത്തെ കുറിച്ചും ചോദ്യങ്ങൾ ഉയരുന്ന സമയമാണിത്. നമ്മുടെ സ്വന്തം സ്ഥാപനങ്ങളും ജനാധിപത്യം തന്നെയും ഗൗരവമായ ഭീഷണി നേരിടുന്നു."  

നിലവിലുള്ള ഭരണകൂടം വ്യക്തിപരമായ പക പോക്കാൻ സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്നു പ്രസിഡന്റ്  ട്രംപിന്റെ പേരു പറയാതെ ക്ലിന്റൺ ചൂണ്ടിക്കാട്ടി. "എതിരാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നു, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നു."

അമേരിക്ക പ്രതിസന്ധികളെ അതിജീവിച്ചതാണ് ചരിത്രമെന്നു ക്ലിന്റൺ പറഞ്ഞു. ശരിയായ കാര്യങ്ങൾ ചെയ്താൽ തിരുത്താവുന്ന പ്രശ്നങ്ങൾ മാത്രമേ ഈ രാജ്യത്തിനുള്ളൂ.

Ex-presidents urge Americans to defend democracy

ജനാധിപത്യം സംരക്ഷിക്കാൻ സജീവമായി ഇടപെടണമെന്നു മുൻ പ്രസിഡന്റുമാർ (പിപിഎം)
ജനാധിപത്യം സംരക്ഷിക്കാൻ സജീവമായി ഇടപെടണമെന്നു മുൻ പ്രസിഡന്റുമാർ (പിപിഎം)
ജനാധിപത്യം സംരക്ഷിക്കാൻ സജീവമായി ഇടപെടണമെന്നു മുൻ പ്രസിഡന്റുമാർ (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക