Image

ഇന്ത്യൻ അമേരിക്കൻ നേതാക്കൾ 250ആം വാർഷികം ആഘോഷിക്കുന്നത് കുടിയേറ്റ സ്മരണകളോടെ (പിപിഎം)

Published on 05 July, 2026
ഇന്ത്യൻ അമേരിക്കൻ നേതാക്കൾ 250ആം വാർഷികം ആഘോഷിക്കുന്നത് കുടിയേറ്റ സ്മരണകളോടെ (പിപിഎം)

യുഎസിന്റെ 250ആം വാർഷിക ദിനത്തിൽ പ്രമുഖ ഇന്ത്യൻ അമേരിക്കൻ നേതാക്കൾ അഭിനന്ദനം അറിയിച്ചു. ഇന്ത്യയിൽ നിന്നു തങ്ങളുടെ കുടുംബങ്ങൾ അമേരിക്കയിൽ എത്തിയ കഥകൾ അവരിൽ പലരും ഓർമിച്ചു.

യുഎസ് നൽകിയ അവസരങ്ങളെ അവർ നന്ദിയോടെ സ്മരിച്ചു.

ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാൻ ആയിരുന്ന അജിത് പൈ 1971ൽ തന്റെ മാതാപിതാക്കൾ പ്രത്യാശ മാത്രം കൈയ്യിൽ പിടിച്ചു യുഎസിൽ എത്തിയതു ഓർമിച്ചു.

ഒഹായോവിലെ റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥി വിവേക് രാമസ്വാമി ഇത് രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണെന്ന് ഓർമിച്ചു. മകൻ അർജുന്റെ നാലാം ജന്മദിനം കൂടിയായി ജൂലൈ 4 ആഘോഷിക്കയാണ് രാമസ്വാമിയുടെ കുടുംബം. ചരിത്രം അറിയുന്ന ഏറ്റവും മഹത്തായ രാജ്യത്തു പൗരനാവാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യം ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.

പെൻസിൽവേനിയയിൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനായി വളർന്ന കാലം ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റെപ്. റോ ഖന്ന ഓർമിച്ചു. 1960കളുടെ ഒടുവിലാണ് അവർ യുഎസിൽ എത്തിയത്. അമേരിക്ക 200ആം വാർഷികം ആഘോഷിച്ച 1976ലാണ് ഇവിടെ ജനിച്ചത്.  

കോൺഗ്രസ് അംഗം പ്രമീള ജയപാൽ 16 വയസിൽ വിദ്യാർഥിനിയായി യുഎസിൽ എത്തിയത് ഓർമിച്ചു. മാതാപിതാക്കൾ ഇന്ത്യയിൽ നിന്നു ഒറ്റയ്ക്കാണ് തന്നെ അയച്ചത്.

പതിനേഴു വർഷം കൊണ്ടാണ് യുഎസ് പൗരത്വം ലഭിച്ചതെന്നു അവർ പറഞ്ഞു. "ഇന്നു ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ പീഡിപ്പിക്കയും പൗരത്വത്തിലേക്കുള്ള ന്യായമായ വഴികൾ അടയ്ക്കുകയും ചെയ്യുമ്പോൾ ഓർമിക്കേണ്ടത് നമ്മുടെ അമേരിക്കൻ ഐഡന്റിറ്റി അനിവാര്യമായും കുടിയേറ്റവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്."

ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനിയും സ്വാതന്ത്ര്യ ദിന സന്ദേശം കുടിയേറ്റവുമായി ബന്ധപ്പെടുത്തി. ഒരു പതിറ്റാണ്ടു മുൻപ് പൗരനായ 34കാരൻ ചൂണ്ടിക്കാട്ടിയത് അമേരിക്ക എന്താണെന്നു തീരുമാനിക്കാനുള്ള കരുത്ത് കുടിയേറ്റ സമൂഹത്തിനുണ്ട് എന്നാണ്.

അന്യായത്തെ ചോദ്യം ചെയ്യുന്ന ഏതു നടപടിയും ദേശഭക്തി ആണെന്നു മാംദാനി ചൂണ്ടിക്കാട്ടി. "നമ്മൾ ഈ രാജ്യത്തെ സ്നേഹിക്കുന്നവരാണ്, നമ്മൾ എവിടെയും പോകുന്നില്ല."

അഞ്ചു മില്യൺ കവിഞ്ഞ ഇന്ത്യൻ അമേരിക്കൻ സമൂഹം യുഎസിൽ ഏറ്റവും സ്വാധീനമുളള കുടിയേറ്റ സമൂഹമായി വളർന്നിട്ടുണ്ട്.

Indian American leaders celebrate US at 250

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക