Image

'യുവതി പ്രവേശന ദിവസം സന്നിധാനത്തുനിന്ന് മാറ്റി നിർത്തി'; ശബരിമല വിവാദത്തിൽ ഉന്നതനെതിരെ സ്ഫോടനാത്മക വെളിപ്പെടുത്തലുമായി എ. പത്മകുമാർ

Published on 14 June, 2026
'യുവതി പ്രവേശന ദിവസം സന്നിധാനത്തുനിന്ന് മാറ്റി നിർത്തി'; ശബരിമല വിവാദത്തിൽ ഉന്നതനെതിരെ സ്ഫോടനാത്മക വെളിപ്പെടുത്തലുമായി എ. പത്മകുമാർ

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തങ്ങളെ ബോധപൂർവ്വം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാർ. അന്ന് തനിക്കൊപ്പം എഡിജിപി ശ്രീജിത്തിനെയും മാറ്റിനിർത്താൻ ചരടുവലിച്ചത് പാർട്ടിക്കുള്ളിലും അന്നത്തെ ഭരണനേതൃത്വത്തിലും കടുത്ത സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നാണ് പത്മകുമാറിന്റെ സൂചന. സന്നിധാനത്ത് യുവതികളെത്തിയ വിവരം താൻ ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്നും, ആ ദിവസം ശബരിമലയാത്ര ഒഴിവാക്കി തിരുവനന്തപുരത്തെത്താൻ തന്നോട് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തി. എന്നാൽ തിരുവനന്തപുരത്ത് എത്തിയിട്ടും ഈ ഉന്നത വ്യക്തിയെ കാണാൻ തനിക്ക് അനുമതി നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

​ശബരിമലയിലെ ദേവസ്വം രേഖകളിൽ 'ചെമ്പ്' എന്ന് എഴുതിച്ചേർത്തത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ തന്നെ നിർബന്ധിക്കുകയായിരുന്നെന്നും പത്മകുമാർ തുറന്നടിച്ചിട്ടുണ്ട്. എഴുതാൻ ഒരുങ്ങുന്ന തന്റെ ആത്മകഥയിലൂടെ ശബരിമല യുവതിപ്രവേശന കാലത്തെ അണിയറക്കഥകളും സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അജ്ഞാത വിവരങ്ങളും പൂർണ്ണമായി പുറത്തുവിടുമെന്നാണ് പത്മകുമാർ സുഹൃത്തുക്കൾക്ക് നൽകിയിരിക്കുന്ന സൂചന. വിപുലമായ വെളിപ്പെടുത്തലുകളോടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ രാഷ്ട്രീയ-ദേവസ്വം കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.

​അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെതിരെ പാർട്ടി തലത്തിൽ കടുത്ത നടപടി വേണമെന്ന ആവശ്യം സിപിഎമ്മിൽ ശക്തമാണ്. ഇതേക്കുറിച്ച് ചർച്ച ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നാളെ യോഗം ചേരാനിരിക്കെയാണ് പത്മകുമാറിന്റെ ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പുറത്തുവരുന്നത്. പാർട്ടിയുടെ ഭാഗത്തുനിന്നുള്ള കടുത്ത അച്ചടക്ക നടപടികൾ ഒഴിവാക്കാനും നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുമുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഈ നീക്കമെന്ന വാദവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക