
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പുവെച്ചേക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രാരംഭ കരാറിന്റെ അന്തിമരൂപത്തിന് അംഗീകാരമായതായും ഇലക്ട്രോണിക് സംവിധാനം വഴി കരാർ ഒപ്പുവെക്കാനുള്ള തയ്യാറെടുപ്പുകൾ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെയാണ് ഷെഹബാസ് ഷെരീഫ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. "നാം മുൻപെന്നത്തേക്കാളും സമാധാനക്കരാറിനോട് അടുത്തിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനകം കരാർ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ സാങ്കേതികതല ചർച്ചകൾ അടുത്ത ആഴ്ച ആരംഭിക്കും," പാക് പ്രധാനമന്ത്രി കുറിച്ചു. ചർച്ചകളിൽ ഉടനീളം സഹകരിച്ച അമേരിക്കയോടും ഇറാനോടും പ്രാദേശിക പങ്കാളികളായ മറ്റ് രാജ്യങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചിയും സമാധാന ചർച്ചകളിൽ വലിയ പുരോഗതിയുള്ളതായി സൂചന നൽകിയിട്ടുണ്ട്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് രൂപീകരിച്ച 'ഇസ്ലാമാബാദ് ധാരണാപത്രം' യാഥാർത്ഥ്യമാകുന്നതിനോട് ഏറ്റവും അടുത്തെത്തി നിൽക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരിയിൽ അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്.