
ന്യൂഡൽഹി: ഇന്റർനെറ്റിലെ 'ഇന്ത്യാ വിരുദ്ധ' പ്രചാരണ വീഡിയോകൾ കണ്ട് രാജ്യത്തെക്കുറിച്ച് തെറ്റായ ധാരണകൾ വച്ചുപുലർത്തുന്ന വിദേശികൾക്ക് മറുപടിയുമായി ബ്രിട്ടീഷ് യാത്രികൻ. പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുള്ള റോറി പോർട്ടർ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇന്ത്യയെക്കുറിച്ചുള്ള നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളെ (വാർപ്പ് മാതൃകകളെ) ശക്തമായി വിമർശിച്ച് രംഗത്തെത്തിയത്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെടുന്നവർ ഇന്ത്യ സന്ദർശിക്കാൻ 'ശ്രമിക്കേണ്ടതില്ലെന്നാണ്' അദ്ദേഹം ഉപദേശിക്കുന്നത്. ഇന്ത്യ ദയാലുക്കളും ആതിഥ്യമര്യാദയുള്ളവരും അതിശയകരമാംവിധം സമ്പന്നമായ സംസ്കാരവുമുള്ള ഒരു 'മാന്ത്രിക ഭൂമി' ആണെന്ന് റോറി തന്റെ വീഡിയോയിലൂടെ ലോകത്തോട് വിളിച്ചുപറയുന്നു.
ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചില വിഡിയോകൾ കണ്ടോ, കുറച്ചു പേരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ കേട്ടോ മാത്രം ഒരു രാജ്യത്തെ മുഴുവൻ വിലയിരുത്തരുതെന്ന് റോറി ഓർമ്മിപ്പിക്കുന്നു. തന്റെ വീഡിയോകൾക്ക് താഴെ 'എനിക്ക് ഒരിക്കലും ഇന്ത്യയിലേക്ക് പോകാൻ കഴിയില്ല' എന്ന് പലരും കമന്റ് ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. വൃത്തിഹീനമായ ചില സ്ട്രീറ്റ് ഫുഡ് വിഡിയോകൾ മാത്രം കണ്ടാണ് ഈ ആളുകൾ ഇന്ത്യയെക്കുറിച്ച് തെറ്റായ നിഗമനങ്ങളിൽ എത്തുന്നതെന്നും റോറി ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യം മനസ്സിലാക്കാതെ ഇടുങ്ങിയ ചിന്താഗതി വച്ചുപുലർത്തുന്നവർ ഇന്ത്യയുടെ മനോഹാരിത അറിയാൻ അർഹരല്ലെന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
താൻ പോയിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്ത്രികമായ സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് ബ്രിട്ടീഷ് സഞ്ചാരിയുടെ സാക്ഷ്യപ്പെടുത്തൽ. "എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല, ഏറ്റവും ബുദ്ധിശാലികളായ ചില മനുഷ്യരെ ഞാൻ ഇന്ത്യയിലാണ് കണ്ടത്. അവർ ദയയുള്ളവരും അതിഥികളെ ജീവന് തുല്യം സ്നേഹിക്കുന്നവരുമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം ഞാൻ അവിടെ നിന്നാണ് കഴിച്ചത്. ഏറ്റവും ആകർഷകമായ പല കാഴ്ചകളും ഞാൻ അവിടെ കണ്ടു," അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റോറിയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.