
ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ പാടില്ലെന്ന് നിഷ്കർഷിക്കുമ്പോഴും അവർ സിവിലിയൻ ആവശ്യങ്ങൾക്കായി ആണവ പരിപാടി തുടരുന്നതിൽ വിരോധമില്ലെന്നു ട്രംപ് ഭരണകൂടം വെള്ളിയാഴ്ച്ച വ്യക്തമാക്കി. അതേ സമയം, അണ്വായുധം നിർമിക്കാനുള്ള സംവിധാനം മുഴുവൻ പൊളിച്ചു കളയണം.
അണ്വായുധ നിർമാണവും സിവിലിയൻ പരിപാടിയും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നു ഇക്കാര്യം വിശദീകരിച്ച ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിർദിഷ്ട കരാറിനെ കുറിച്ചു വിശദീകരിക്കയായിരുന്നു അദ്ദേഹം.
ഇറാന്റെ ആണവ പരിപാടി ഇല്ലാതാക്കാൻ യുഎസിനു നിർബന്ധമില്ലെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ അണ്വായുധം നിർമിക്കാൻ പാടില്ല.
പരിശോധനകൾക്കും വ്യവസ്ഥ
ഇറാൻ സമ്പുഷ്ടമാക്കിയ യുറേനിയം നശിപ്പിക്കണം എന്ന വ്യവസ്ഥ കരാറിൽ ഉണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശോധനകളൂം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അണുശക്തി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് അനുവദിക്കാൻ യുഎസ് തയാറാണ് എന്നാണു സൂചന. കർശനമായ പരിശോധന അതിനുമുണ്ടാവും.
മേഖലയിൽ മറ്റു പല രാജ്യങ്ങളും ആണവ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. "പക്ഷെ അവർ ആരും തന്നെ ആയുധങ്ങൾ ലക്ഷ്യം വയ്ക്കുന്നില്ല. എമിറേറ്റ്സ് സിവിലിയൻ ആണവ പദ്ധതി നടത്തുന്നുണ്ട്. അതുപയോഗിച്ചു അവർ ധാരാളം വൈദ്യുതി ഉല്പാദിപ്പിക്കുന്നു. പക്ഷെ അണുബോംബിനുള്ള സംവിധാനം അവർക്കില്ല."
അത്തരമൊരു മാതൃക ഇറാനു ആവാം. കരാറിലെ വ്യവസ്ഥകളെല്ലാം നടപ്പാക്കണം എന്നു മാത്രം.
ചർച്ചകളിൽ ഇറാൻ അണ്വായുധം ഒഴിവാക്കണമെന്ന് ഉറപ്പു കിട്ടണം എന്നത് പ്രധാനമായിരുന്നു. "ഒരിക്കലും അണ്വായുധം ഉണ്ടാക്കില്ലെന്നു അവർ ഉറപ്പു തരുന്നു.
"അതു നടപ്പാക്കാനുള്ള വിശദാംശങ്ങൾ അടുത്ത 60 ദിവസം നടക്കുന്ന ചർച്ചകളിൽ രൂപപ്പെടുത്തും. അതിൽ ഒട്ടേറെ സാങ്കേതിക വിഷയങ്ങളുണ്ട്."
അപകട സാധ്യതയുളള യുറേനിയം
നീക്കം ചെയ്യാനുള്ള സമ്പുഷ്ട യുറേനിയം പെട്ടെന്നു തീ പിടിക്കാവുന്നതും പ്രവചിക്കാൻ കഴിയാത്തതുമാന്നെന്ന് അദ്ദേഹം പറഞ്ഞു. അത് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അതിന്റെ സാങ്കേതിക വിശദാംശങ്ങൾ ചർച്ചകളിൽ തയാറാക്കും.
വെറും വിശ്വാസത്തിനപ്പുറം നിരന്തരമായ പരിശോധനകൾ ഇറാന്റെ മേൽ ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. "അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പു കിട്ടിയതിൽ സന്തോഷമുണ്ട്. എന്നാൽ നമുക്കതു പരിശോധിച്ചേ തീരൂ."
ഇറാൻ കരാർ വ്യവസ്ഥകൾ നടപ്പാക്കുന്നതനുസരിച്ചു അവർക്കു സാമ്പത്തിക ആശ്വാസം കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. "അവർ കാര്യങ്ങൾ ചെയ്യന്നതനുസരിച്ചു അവർക്കു പ്രയോജനം കിട്ടും."
ഇറാൻ യുഎസിൽ വിശ്വാസം അർപ്പിക്കുന്നില്ലെന്നാണ് താൻ കരുതുന്നതെന്ന് വക്താവ് പറഞ്ഞു. "യുഎസ് ഇറാനിലും വിശ്വാസം അർപ്പിക്കുന്നില്ല."
US open to Iran civilian nuclear programme