Image

​"ബാക്കി ജയിലിലുള്ളവർ നോക്കും,ഈ യാത്ര അധികമുണ്ടാകില്ല!" ; സി.പി.എം വിമർശനത്തിന് പിന്നാലെ ടി.കെ ഗോവിന്ദൻ എം.എൽ.എയ്ക്ക് വധഭീഷണി

Published on 12 June, 2026
​"ബാക്കി ജയിലിലുള്ളവർ നോക്കും,ഈ യാത്ര അധികമുണ്ടാകില്ല!" ; സി.പി.എം വിമർശനത്തിന് പിന്നാലെ ടി.കെ ഗോവിന്ദൻ എം.എൽ.എയ്ക്ക് വധഭീഷണി

​കണ്ണൂർ: തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദന് നേരെ വധഭീഷണി. ഫോണിലൂടെയാണ് എം.എൽ.എയ്ക്ക് നേരെ ഭീഷണി സന്ദേശം എത്തിയത്. വെള്ളിയാഴ്ച വൈകീട്ട് എം.എ.ൽ.എയുടെ ഓഫീസ് ഉദ്ഘാടന പരിപാടി സമാപിക്കുന്ന ഘട്ടത്തിലായിരുന്നു ഫോൺ കോൾ വന്നത്. ‘ഈ യാത്ര അധികമുണ്ടാകില്ല, ബാക്കി പണി ജയിലിൽ ഉള്ളവർ നോക്കിക്കൊള്ളും’ എന്ന് പറഞ്ഞ് വളരെ മോശമായ ഭാഷയിലാണ് ഫോൺ വിളിച്ചയാൾ സംസാരിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി.

​ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ എം.എൽ.എ ഒപ്പമുണ്ടായിരുന്ന ഗൺമാനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ സുജിത് തിരുവമ്പാടി എന്നയാളുടെ നമ്പറിൽ നിന്നാണ് ഭീഷണി കോൾ എത്തിയതെന്നാണ് സൂചന. പ്രതിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.

​കഴിഞ്ഞ ദിവസം പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണനൊപ്പം ടി.കെ ഗോവിന്ദൻ സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. ഈ വാർത്താസമ്മേളനത്തിൽ ഇരുവരും സി.പി.എമ്മിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എം.എൽ.എയ്ക്ക് നേരെ വധഭീഷണി ഉയർന്നിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. രാഷ്ട്രീയ കേന്ദ്രങ്ങളിലും ഈ സംഭവം വലിയ ചർച്ചയായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക