
തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായി ഒന്നര വയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ, ഔദ്യോഗിക സംവിധാനങ്ങളുടെ കടുത്ത അനാസ്ഥ വെളിപ്പെടുന്നു. കുട്ടി ക്രൂരമായ പീഡനം നേരിടുന്നുണ്ടെന്ന് കാണിച്ച് മരിക്കുന്നതിന് 26 ദിവസം മുമ്പ് കുട്ടിയുടെ മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ലൈനിൽ വിളിച്ചറിയിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നു. കുഞ്ഞിന്റെ ഇരു കൈകൾക്കും ഒരേസമയം ഒടിവുണ്ടായതിന്റെ ചിത്രങ്ങൾ സഹിതം മേയ് 3-ന് പരാതിപ്പെട്ടിട്ടും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡിസിപിയു) ഇത് കാര്യമായെടുത്തില്ല. കുടുംബവഴക്കിന്റെ പേരിലുള്ള വെറും 'തോന്നലുകൾ' മാത്രമായി പരാതിയെ നിസ്സാരവൽക്കരിച്ച ഉദ്യോഗസ്ഥർ, കുട്ടിയെ നേരിട്ടുകണ്ട് സുരക്ഷ വിലയിരുത്താനോ തുടനടപടികൾ സ്വീകരിക്കാനോ തയ്യാറായില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമ്മ അഖിലയുടെ പങ്കാളിയായ അഷ്കർ കുഞ്ഞിനെ ഉപദ്രവിക്കുന്നതായും മുൻപ് ഭീഷണിപ്പെടുത്തിയതായും മുത്തശ്ശി ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. എന്നാൽ എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂ എന്ന നിലപാടാണ് ഉദ്യോഗസ്ഥൻ സ്വീകരിച്ചത്. ഇതിനിടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും വട്ടപ്പാറ എസ് യു ടി ആശുപത്രിയിലും കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്നെങ്കിലും, ഗുരുതര പരിക്കുകൾ കണ്ടിട്ടും മെഡിക്കോ-ലീഗൽ കേസെടുക്കാനോ പൊലീസിനെ വിവരമറിയിക്കാനോ ഡോക്ടർമാർ തയ്യാറാകാത്തത് ആരോഗ്യരംഗത്തെ വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് പിന്നീട് മുത്തശ്ശിക്ക് പരാതി പിൻവലിക്കേണ്ടി വന്നിട്ടും, കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്ന വിവരം മുൻപിൽ ഉണ്ടായിട്ടും നെടുമങ്ങാട് പൊലീസും അന്വേഷണം നടത്തിയില്ല.
മേയ് 29-നാണ് അതിക്രൂരമായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അർഷിദ് മരണപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ നൂറോളം മുറിവുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അമ്മ അഖില, സുഹൃത്ത് അഷ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ, ഇതേക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം വിഷയം അന്വേഷിക്കുമെന്നും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസർ എസ്. ജെ. സുജ പ്രതികരിച്ചു. പ്രതികളുടെ ക്രൂരതയ്ക്കൊപ്പം തന്നെ, ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ബാധ്യസ്ഥരായ സർക്കാർ സംവിധാനങ്ങൾ ഒന്നാകെ പരാജയപ്പെട്ടതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.