
മലപ്പുറം: പെരിന്തൽമണ്ണയിൽ ഷിഗല്ല രോഗബാധയെത്തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇവരുടെ മരണശേഷമുള്ള പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 18 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, കഴിഞ്ഞ 12 ദിവസത്തിനിടെ ഷിഗല്ല ബാധിതരുടെ എണ്ണം 56 ആയി ഉയർന്നു. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും ശുചിത്വ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
ബാക്ടീരിയ പരത്തുന്നതും പകർച്ചാ സാധ്യത വളരെ കൂടുതലായതുമായ ഒരു വയറിളക്ക രോഗമാണ് ഷിഗല്ല. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ കലർന്ന വെള്ളം, ആഹാരം എന്നിവയിലൂടെയും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയുമാണ് ഇത് പകരുന്നത്. പനി, വയറിളക്കം, ഛർദ്ദി, മനംപിരട്ടൽ, രക്തം കലർന്ന മലം, ശക്തമായ വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കണം. ശരീരത്തിലെ ജലനഷ്ടം പരിഹരിക്കാൻ ഒ.ആർ.എസ് പാനീയം ഇടവിട്ട് കുടിക്കേണ്ടതാണ്. തിളപ്പിച്ചാറിയ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുന്ന ഒ.ആർ.എസ് മിശ്രിതം 24 മണിക്കൂറിന് ശേഷം ഉപയോഗിക്കരുതെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
രോഗവ്യാപനം തടയുന്നതിനായി വ്യക്തിശുചിത്വവും ആഹാര-പാനീയ ശുചിത്വവും കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കിണർ വെള്ളമായാൽ പോലും തിളപ്പിച്ച ശേഷം മാത്രം കുടിക്കുക, പഴകിയ ആഹാരങ്ങൾ ഒഴിവാക്കുക, ഭക്ഷണത്തിന് മുൻപും ശുചിമുറി ഉപയോഗിച്ച ശേഷവും സോപ്പിട്ട് 20 സെക്കൻഡ് എങ്കിലും കൈകൾ കഴുകുക എന്നിവ ശീലമാക്കണം. രോഗബാധിതർ ഉപയോഗിക്കുന്ന പാത്രങ്ങൾ മറ്റുള്ളവർ ഉപയോഗിക്കരുത്. ലക്ഷണങ്ങൾ മാറിയാലും രണ്ടാഴ്ചയെങ്കിലും ഇവർ പൊതുചടങ്ങുകളിൽ ഭക്ഷണം വിളമ്പുന്നതിൽ നിന്നും വിട്ടുനിൽക്കണം. കുട്ടികളുടെയും കിടപ്പുരോഗികളുടെയും ഡയപ്പറുകൾ സുരക്ഷിതമായി സംസ്‌കരിക്കണമെന്നും, ഈച്ച ശല്യം ഒഴിവാക്കാൻ അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.